പുതുവൈപ്പ് എൽപിജി ടെർമിനൽ നിർമ്മാണം ;  ചർച്ചയിൽ തീരുമാനമായില്ല

By Web DeskFirst Published Jun 8, 2018, 5:37 PM IST
Highlights
  • പ്ലാന്‍റ്  നിർമ്മാണം തുടങ്ങിയാൽ തൂത്തുക്കുടി ആവർത്തിക്കുമെന്ന് സമര സമിതി അറിയിച്ചു.

കൊച്ചി പുതുവൈപ്പിലെ എൽപിജി ടെർമിനൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ കളക്ടർ വിളിച്ച ചർച്ചയിൽ തീരുമാനമായില്ല.  നിർമ്മാണത്തിന് മുന്നോടിയായി പ്രദേശത്ത് നടപ്പാക്കേണ്ട വിദഗ്ദ്ധ സമിതി നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. എന്നാൽ പ്ലാൻറ് നിർമ്മാണം വേണ്ടെന്ന നിലപാടിൽ സമരസമിതി ഉറച്ചു നിൽക്കുകയായിരുന്നു.

പുതുവൈപ്പിലെ എൽപിജി ടെർമിനലിൻറെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നേരത്തെ നൽകിയ ഹർജി ഹരിത ട്രൈബ്യൂണൽ തള്ളിയിരുന്നു.  എന്നാൽ സമരം അവസാനിപ്പിക്കാൻ നാട്ടുകാർ തയ്യാറായില്ല.  ഇതേത്തുടർന്നാണ് പ്രശ്നം പഠിക്കാൻ സർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്.  നിർമ്മാണത്തിന് മുന്നോടിയായി പ്രദേശത്ത് പുലമിമുട്ട് നിർമ്മാണം അടക്കം ആറ് കാര്യങ്ങൾ നടപ്പാക്കാൻ ഐഒസിയോട് സമിതി നിർദ്ദേശിച്ചിരുന്നു. 

 ഇത് ചർച്ച ചെയ്യാനാണ് കളക്ടർ സമര സമിതി, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഐഒസി അധികൃതർ എന്നിവരുടെ യോഗം വിളിച്ചത്. എന്നാൽ സമരസമിതിയുടെ എതിർപ്പു മൂലം തീരുമാനമൊന്നുമെടുക്കാൻ കഴിഞ്ഞില്ല.  പ്ലാൻറിൻറെ നിർമ്മാണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഐഒസി. അടുത്ത ദിവസവും ചർച്ച തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.  എന്നാല്‍  പ്ലാന്‍റ്  നിർമ്മാണം തുടങ്ങിയാൽ തൂത്തുക്കുടി ആവർത്തിക്കുമെന്ന് സമര സമിതിയും അറിയിച്ചു.
 

click me!