
മോസ്കോ: കേരളത്തിലെ പ്രളയത്തില്‍ ദു:ഖം രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമീര്‍ പുടിന്‍. കേരളത്തില്‍ സംഭവിച്ച പ്രളയത്തില്‍ വലിയ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും. ഇന്ത്യയിലെ പ്രളയത്തില്‍ റഷ്യന്‍ ജനതയുടെ എല്ലാ അനുതാപവും പ്രകടിപ്പിക്കുന്നു എന്നും വ്ലാഡമീര്‍ പുടിന്‍ പറയുന്നു. ഈ പ്രളയത്തില്‍ നിന്നും ഏറ്റവും വേഗം രാജ്യം കരകയറട്ടെ എന്നും പുടിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ക്ക് അയച്ച സന്ദേശത്തിലാണ് വ്ലാഡമിര്‍ പുടിന്‍ ഇന്ത്യയ്ക്ക് പ്രളയകാലത്ത് പിന്തുണ നല്‍കും എന്ന് അറിയിച്ചത്. നേരത്തെ കനേഡിയന്‍ പ്രധാനമന്ത്രിയും, ഗള്‍ഫ് രാജ്യങ്ങളിലെ ഭരണതലവന്മാരും കേരളത്തിലെ പ്രളയത്തില്‍ പ്രതികരിച്ചിരുന്നു.
ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സന്ദേശം. 'ദാരുണമായ വാര്‍ത്തയാണ് കേരളത്തില്‍ നിന്ന് കേള്‍ക്കുന്നത്. പ്രളയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമുണ്ട് ഞങ്ങള്‍.' കാനഡ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലെ പ്രളയ ദുരന്തത്തെ സഹാനുഭൂതിയോടെ ആദ്യം സമീപിച്ചത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു. ദുരന്തത്തിന്‍റെ തീവ്രതയുടെ ചിത്രം തെളിഞ്ഞതോടെ യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കേരളത്തിനുള്ള സഹായാഭ്യര്‍ഥനയുമായി എത്തി. കേരളം പ്രളയത്തിലൂടെ കടന്നുപോവുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അടിയന്തര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കേരളത്തിലെ പ്രളയദുരന്തത്തിന്‍റെ ഇരകള്‍ക്ക് സഹായം എത്തിക്കാന്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അള്‍ത്താനി 35 കോടി രൂപയാണ് പ്രഖ്യാപിച്ചത്. ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമി 4 കോടി രൂപ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ പ്രളയക്കെടുതിയില്‍ കൈത്താങ്ങാവാന്‍ ഐക്യരാഷ്ട്ര സംഘടനയും മുന്നോട്ടുവന്നിട്ടുണ്ട്. പ്രളയ ബാധിതരുടെ പുനരധിവാസത്തിനാണ് യുഎന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam