പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കില്‍ നിയമംലംഘിച്ച് റോപ്‌വേ നിര്‍മ്മാണവും

By Web DeskFirst Published Aug 16, 2017, 7:33 AM IST
Highlights

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് അനുബന്ധമായി ഒരുങ്ങുന്ന റോപ് വേയുടെ നിര്‍മ്മാണവും നിയമംലംഘിച്ചാണ് നടക്കുന്നത്. മലപ്പുറം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭാര്യാപിതാവിന്റെ പേരിലുള്ള സ്ഥലത്താണ് പി വി ആര്‍ പാര്‍ക്കിന്റെ റോപ് വേ നിര്‍മ്മാണം പുരോഗമിക്കുന്നത്. പിഴയടച്ച് നിയമലംഘനം ക്രമപ്പെടുത്തുമെന്നാണ് എംഎല്‍എയുടെ പ്രതികരണം.

ഇക്കഴിഞ്ഞ മധ്യവേനലവധിക്ക് പി വി ആര്‍ പാര്‍ക്കിന്റെ പരസ്യമായി പ്രചരിച്ച നോട്ടീസിലാണ് പാര്‍ക്കിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ എടുത്ത് പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ് സൈക്കിള്‍ സൗകര്യം ലഭ്യമാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഈ റോപ് വേ എവിടെയെന്ന അന്വേഷണത്തിന് പാര്‍ക്കിലെ ജീവനക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് കക്കാടംപൊയിലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അപ്പുറമുള്ള സ്ഥലത്തേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം പോയി. കോഴിക്കോട് ജില്ല വിട്ട് മലപ്പുറം ജില്ലയുടെ ഭാഗമായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണി പാലയിലാണ് എത്തിയത്. റോപ് വേ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ പ്രദേശത്തേക്ക് കടക്കരുതെന്ന ബോര്‍ഡും സ്ഥാപിച്ചിരിക്കുന്നു. ഒരു തടയിണക്ക് ഇരുകരകളിലുമായി നിര്‍മ്മാണം നടക്കുന്ന റോപ് വേക്ക് പക്ഷേ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. വിവരവകാശ രേഖ ഇക്കാര്യം വ്യക്തമാക്കുന്നു. ഈ സ്ഥിരീകരണത്തിന് പുറമെ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയെ ബന്ധപ്പെട്ടപ്പോഴും ഇക്കാര്യം തന്നെയാണ് പറഞ്ഞത്. റോപ്‌‌വേ നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടുവെന്നും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി ഗോപാലകൃഷ്‌ണന്റെ പ്രതികരണം.

പഞ്ചായത്ത് അനുമതി നല്‍കാത്ത റോപ് വേയുടെ നിര്‍മ്മാണം സാധ്യമായത് എങ്ങനെ? സ്ഥലം ഉടമ സി കെ അബ്ദുള്‍ലത്തീഫ് ,ഹഫ്‌സമഹല്‍, തിരുവണ്ണൂര്‍, കോഴിക്കോട് എന്ന മേല്‍വിലാസക്കാരനാണ്. ഇത് എംഎല്‍എയുടെ ഭാര്യാപിതാവാണ്. പ്രദേശത്ത് ഒരു റസ്റ്ററന്റ് കം ലോഡ്ജ് നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഇദ്ദേഹം പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്‌കെച്ചും പ്ലാനും സമര്‍പ്പിച്ച് അനുമതി നേടുകയും ചെയ്തു. റോ‌പ് വേ നിര്‍മ്മാണത്തിനുള്ള അപേക്ഷ പഞ്ചായത്തിന് കൊടുത്തിരുന്നുവെന്നും അതിന് എങ്ങനെ അനുമതി നല്‍കണമെന്ന നിര്‍ദ്ദേശം പഞ്ചായത്തിന് കിട്ടിയിട്ടില്ല എന്നുമായിരുന്നു പി വി അന്‍വര്‍ എംഎല്‍എയുടെ പ്രതികരണം ഒരോ പ്രാവശ്യം കൊടുക്കുമ്പോഴും ഹയര്‍ അതോറിറ്റിക്ക് കൊടുത്തിട്ടുണ്ടെന്ന് പറയും. അത് ആയി വരുമ്പോഴേക്കും ആ വര്‍ക്ക് ചെയ്തു. അത് റെഗുലറൈസ് ചെയ്യാന്‍ അയ്യായിരം രൂപ പിഴ അടച്ചാല്‍ മതി. അത്രയും കാലം വെയ്റ്റ് ചെയ്യണ്ടല്ലോയെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

click me!