എംഎല്‍എ സമ്മതിച്ച നിയമലംഘനത്തില്‍ പോലും നടപടിയില്ല

By Web DeskFirst Published Dec 12, 2017, 7:00 AM IST
Highlights

കോഴിക്കോട്: നിര്‍മ്മാണത്തില്‍ നിയമ ലംഘനം നടത്തിയെന്ന് പി വി അന്‍വര്‍ എംഎല്‍എ തന്നെ സ്ഥിരീകരിച്ച റോപ് വേ പൊളിച്ചുകളയാന്‍ ഇനിയും  നടപടിയായില്ല. റോപ് വേ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശിച്ച് നാല് മാസം മുന്‍പ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയെങ്കിലും ഗൗനിച്ചിട്ടില്ല. നിലമ്പൂര്‍ ഡിഎഫ്ഒ ഏറ്റവുമൊടുവില്‍ നല്‍കിയ റിപ്പോര്‍ട്ടിലും റോപ് വേ നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയിരുന്നു.

പി വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത റോപ് വേ നിര്‍മ്മാണം ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടു വന്നത്. റോപ് വേ നിര്‍മ്മാണം അനധികൃതമാണെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ച് നിര്‍മ്മിച്ച തടയണ എത്രയും പെട്ടെന്ന് പൊളിച്ചുനീക്കാന്‍ പഞ്ചായത്ത് നോട്ടീസും നല്‍കി. പക്ഷേ റോപ് വേ ഇപ്പോഴും പഴയ സ്ഥാനത്ത് തന്നെയുണ്ട്. തടയണയുമായി ബന്ധപ്പട്ട നിയമലംഘനത്തിനൊപ്പം  റോപ് വേ നിര്‍മ്മാണത്തിലെ അപാകതയും പരിശോധിക്കണമെന്ന് മലപ്പുറം ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിലമ്പൂര്‍ ഡിഎഫ്ഒയുടെ റിപ്പോര്‍ട്ട് റോപ്വേ നിര്‍മ്മാണത്തിലെ നിയമലംഘനം സ്ഥിരീകരിക്കുന്നു. മറ്റ് വകുപ്പുകളും സമാന നിലപാടാണ് സ്വീകരിച്ചതെങ്കിലും പൊളിച്ച നീക്കുന്നതിനുള്ള നടപടികളായില്ല. തടയണയില്‍ ശക്തമായ നിലപാട് സ്വീകരിച്ച ജില്ലാഭരണ കൂടം പക്ഷേ റോപ് വേയോട് മുഖം തിരിച്ചിരിക്കുകയാണ്. റോപ് വേയിലടക്കം നടന്ന നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി കെടി ജലീലിന് മുന്നില്‍ പരാതി ചെന്നിട്ടുണ്ടെങ്കിലും മന്ത്രിയും കണ്ണടിച്ചിരിക്കുകയാണ്.

 

click me!