ഖത്തര്‍ തൊഴില്‍ വിസ; നടപടിക്രമങ്ങള്‍ ഇനിമുതല്‍ നാട്ടില്‍ പൂര്‍ത്തിയാക്കാം

By Web DeskFirst Published Nov 20, 2017, 12:52 AM IST
Highlights

ദോഹ: തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്ന വിദേശ തൊഴിലാളികള്‍ക്കുള്ള തുടര്‍ നടപടിക്രമങ്ങള്‍ നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ അവസരം. ഇതനുസരിച്ചു തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള വൈദ്യപരിശോധനയും വിരലടയാളം ഉള്‍പെടെയുള്ള മുഴുവന്‍ നടപടികളും ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാനാവും.

നിലവിലെ നിയമമനുസരിച്ച് തൊഴില്‍ വിസയില്‍ ഖത്തറിലെത്തുന്ന വിദേശ തൊഴിലാളികള്‍ മൂന്ന് മാസത്തിനകം വൈദ്യപരിശോധനയും വിരലടയാളം  ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാലാണ് ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നത്. ഇവയിലേതെങ്കിലുമൊന്നില്‍ പരാജയപ്പെട്ടാല്‍ സ്വദേശത്തേക്ക് തന്നെ തിരിച്ചുപോകേണ്ടി വരും. 

ഓരോ വര്‍ഷവും നിരവധി പേരാണ് ഇത്തരത്തില്‍ സ്വദേശത്തേക്ക് തിരിച്ചുപോകുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം തൊഴില്‍ വിസയും തൊഴില്‍ കരാറും ലഭിക്കുന്ന ഒരാള്‍ക്ക് ഖത്തറിലേക്ക് വിമാനം കയറുന്നതിന് മുന്‍പ് നാട്ടില്‍ തന്നെ ഈ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവും. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പരിശോധനാ ഫലങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. 

തുടക്കത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഇന്തോനേഷ്യ, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, തുനീഷ്യ എന്നീ രാജ്യങ്ങളിലാണ് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയില്‍ ഇതിനായി ഏഴ് കേന്ദ്രങ്ങളാണ് ഉണ്ടാവുക.  ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം കരാറില്‍ ഒപ്പുവെച്ചു. നാല് മാസത്തിനകം പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. 
 

click me!