ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മലപ്പുറം സ്വദേശി പിടിയില്‍

By Web DeskFirst Published Jan 22, 2018, 12:29 AM IST
Highlights

ദോഹ: ഖത്തറില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് തട്ടിപ്പ് നടത്തിയ ട്രാവല്‍ ഏജന്റിനെ ആലപ്പുഴ എടത്വാ പൊലീസ് അറസ്റ്റ് ചെയ്തു.  ഇയാൾ ദോഹയിലെത്തിച്ച 24 പേർ ഇപ്പോൾ ലേബർ ക്യാന്പിലാണ്. ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വിസയില്ലാതെ ആറ് മാസം താമസിക്കാമെന്ന വ്യവസ്ഥ മറയാക്കി തട്ടിപ്പ് നടത്തിയ മലപ്പുറം തിരൂരങ്ങാടി സ്വദേശി മുസ്തഫ മാളിയേക്കലാണ് പിടിയിലായത്. 

ഇയാളുടെ സുഹൃത്ത് ആലുവ സ്വദേശി ഷക്കീര്‍ മുഹമ്മദിനായി തെരച്ചില്‍ തുടരുകയാണ്. ആലുവയില്‍ ഇരുവരും ചേര്‍ന്ന് നടത്തിവന്ന ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ വിവിധ ജില്ലകളില്‍നിന്നുള്ള 24 യുവാക്കളെയാണ് തട്ടിപ്പിന് ഇരയാക്കിയത്. 

മെട്രോ റെയിലില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് ഇവരെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിച്ചു. ഒരാളുടെ കയ്യില്‍നിന്ന് 85000 രൂപ വീതം വാങ്ങി. ദോഹയിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. തട്ടിപ്പിനിരയായ ആലപ്പുഴ എടത്വാ സ്വദേശികളായ 11 പേര്‍ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചതോടെയാണ് വിവരം പുറത്തായത്. ദോഹയിലെ ലേബര്‍ ക്യാന്പില്‍ ഒറ്റമുറിയിലാണ് 24പേരും ഇപ്പോഴുള്ളത്. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
 

click me!