ഖത്തര്‍ തൊഴിൽനിയമ നിബന്ധനകളിൽ മാറ്റം

By Web DeskFirst Published Jan 15, 2017, 6:43 PM IST
Highlights

ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയ്ക്ക് കീഴിലേക്ക് ജോലി മാറുമ്പോൾ പുതിയ തൊഴിലുടമക്ക് അതെ പ്രൊഫഷനും രാജ്യവും ലിംഗവും വേണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിബന്ധന. എന്നാൽ ഖത്തർ ഭരണവികസന-തൊഴിൽ-സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഇത് സംബന്ധമായി നേരത്തെ ഉണ്ടായിരുന്ന ഉപാധികൾ  നീക്കം ചെയ്തതോടെ കരാർ കാലാവധി പൂർത്തിയാക്കിയ വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റം കുറേകൂടി എളുപ്പമാവും. 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് നിശ്ചയിച്ചിരുന്ന നിബന്ധനകളും മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ 'വർക്കർ നോട്ടീസ് ഇ-സർവീസ്' എന്ന ലിങ്ക് വഴിയാണ് പ്രവാസി തൊഴിലാളികൾ തൊഴിലുടമയെ മാറുന്നതിനും രാജ്യം വിടുന്നതിനും  അപേക്ഷ നൽകേണ്ടത്. ഖത്തർ ഐ.ഡി നമ്പർ., മൊബൈൽ നമ്പർ എന്നിവ എന്റർ ചെയ്തു ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

തുടർന്ന് മൊബൈലിൽ അയച്ചു കിട്ടുന്ന പിൻ  നമ്പർ അടിക്കുന്നതോടെ ജോലി, വയസ്സ്, തൊഴിലുടമയുടെ വിവരങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തിഗത വിവരങ്ങളും ലഭിക്കും. നിശ്ചിത കാലാവധി അവസാനിക്കുന്നതിനു മുപ്പതു ദിവസം മുമ്പ് തൊഴിൽ മാറ്റത്തിന് അപേക്ഷ സമർപ്പിക്കണം. ഓപ്പൺ കരാർ ആണെങ്കിൽ ചുരുങ്ങിയത് അഞ്ചു വര്ഷം പൂർത്തിയായാലാണ് ജോലി മാറാനാവുക. അഞ്ചു വര്ഷം പൂർത്തിയായവർ മുപ്പതു ദിവസത്തിന് മുമ്പും അഞ്ചു വർഷത്തിലേറെ കഴിഞ്ഞവർ അറുപതു ദിവസത്തിനു മുമ്പും ജോലി മാറ്റത്തിനായി  വെബ്സൈറ്റിൽ അപേക്ഷ നല്കണം. തൊഴിൽ സംബന്ധമായ എന്തെങ്കിലും പ്രശനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ  അത് സംബന്ധിച്ച രേഖകളും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം..പുതിയ തൊഴിൽ നിയമത്തിൽ വിദേശികളുടെ ജോലി മാറ്റവുമായി  ബന്ധപ്പെട്ട നിബന്ധനകൾ പ്രയാസം സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽ പെട്ട  സാഹചര്യത്തിലാണ് ഇക്കാര്യങ്ങളിൽ ഇളവ് വരുത്തിയത്.

click me!