
ദോഹ: അടുത്തമാസം ഒന്നു മുതല്‍ ഖത്തറില്‍ പെട്രോള്‍ -ഡീസല്‍ വിലയില്‍ മാറ്റം വരുത്തുന്നു. അന്താരാഷ്‌ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ചായിരിക്കും മാറ്റം.അന്താരാഷ്‌ട്ര വിപണിയിലെ വിലയുമായി പ്രാദേശിക വിപണിയിലെ ഇന്ധനവിലയെ ബന്ധപ്പെടുത്തി പുനക്രമീകരിക്കാനാണ് തീരുമാനം. ആഭ്യന്തരവിപണിയിലെ എണ്ണവില സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ ചെയര്‍മാന്‍ ശൈഖ് മിഷാല്‍ ബിന്‍ ജാബര്‍ അല്‍താനിയാണ് ഇക്കാര്യം അറിയിച്ചത്.
ഓരോ മാസവും ഇന്ധനവിലയില്‍ മാറ്റമുണ്ടാകത്തക്കവിധത്തിലായിരിക്കും പുതിയ വില നിശ്ചയിക്കുക. ലോകത്തിലെ പല രാജ്യങ്ങളിലും എണ്ണവില അന്താരാഷ്‌ട്ര വിപണിവിലയുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മാസത്തെയും ഇന്ധനവില മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും മാസാവസാനത്തിന് മുമ്പ് പ്രസിദ്ധീകരിക്കും. മെയിലെ ഇന്ധന വില ഒന്നാം തീയതി അര്ധരാത്രി 12 മണി മുതല്‍ പ്രാബല്യത്തില്‍ വരും.
ഇന്ധനവില ആഗോള വിപണിവിലയുമായി ബന്ധപ്പെടുത്താന്‍ തീരുമാനിക്കുന്നതിനു മുമ്പ് കമ്മറ്റി സമഗ്രമായ പഠനം നടത്തിയിരുന്നു. ആഭ്യന്തരവിപണിയില്‍ പെട്രോളിയം ഉല്പ്പന്നങ്ങളുടെ നിര്‍മാണത്തിനും വിതരണത്തിനും ആവശ്യമായിവരുന്ന ചെലവ്, അന്താരാഷ്‌ട്രവിപണിയിലെ വില, മേഖലയിലെ വിവിധ രാജ്യങ്ങളിലെ ഇന്ധനവില എന്നിവയെല്ലാം പഠനവിധേയമാക്കിയിരുന്നു. ഇവയെല്ലാം ബന്ധപ്പെടുത്തിയായിരിക്കും ഭാവിയില്‍ വില നിശ്ചയിക്കുക. ഇതനുസരിച്ച് ഒരു നിശ്ചിത വിലയ്‌ക്കു പകരം അടുത്ത മാസം മുതല്‍ മാസം തോറും വിലയില്‍ മാറ്റം ഉണ്ടാകും.
ഏറ്റവും ഒടുവിലായി ഈ വര്‍ഷം ജനുവരിയിലാണ് ഖത്തറില്‍ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചത്. പ്രിമിയത്തിന് 35 ശതമാനവും സൂപ്പറിന് 30 ശതമാനവുമാണ് അന്ന് കൂട്ടിയത്. പ്രിമിയം ലിറ്ററിന് 85 ദിര്‍ഹമായിരുന്നത് 1 റിയാല്‍ 15 ദിര്‍ഹമായും സൂപ്പറിന് ഒരു റിയാല്‍ ഉണ്ടായിരുന്നത് 1 റിയാല്‍ 30 ദിര്‍ഹമാക്കിയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് അടുത്ത മാസം മുതല്‍ ഡീസലിന്റെ വിലയിലും മാറ്റമുണ്ടായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam