ഖത്തറിൽ അവിദഗ്ധ തൊഴിൽ മേഖലകളിൽ വിസ നിയന്ത്രണം കർശനമാക്കി

By Web DeskFirst Published Jul 16, 2016, 7:02 PM IST
Highlights

ദോഹ: ഖത്തറിൽ വീട്ടുജോലിക്കാർ ഉൾപ്പെടെ പ്രത്യേക വിഭാഗങ്ങളിൽ പെടുന്ന തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതിനുള്ള  നിയന്ത്രണം കർശനമാക്കി. മീൻ പിടുത്തക്കാർക്കും തോട്ടം തൊഴിലാളികൾക്കും വിസ അനുവദിക്കുന്നത് വിശദമായ പരിശോധനകൾക്കു ശേഷം മതിയെന്നാണ് ആഭ്യന്തര  മന്ത്രാലയത്തിന്റെ തീരുമാനം.

അവിദഗ്ധ തൊഴിൽ മേഖലകളിൽ ഉൾപ്പെടുന്ന വിഭാഗങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിശ്ചിത  മാനദണ്ഡങ്ങൾ പാലിക്കണമെന്ന് നേരത്തെ തൊഴിൽ മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ചില തൊഴിലുടമകളും സ്ഥാപനങ്ങളും വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഇത്തരം വിസകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. ഇതനുസരിച്ച് വിസയ്ക്കായി അപേക്ഷിക്കുന്നവർ തങ്ങളുടെ ആവശ്യം കൃത്യമായി മന്ത്രാലയത്തെ ബോധ്യപ്പെടുത്തിയിരിക്കണം.

ഒരാൾക്ക് യഥേഷ്ടം വേലക്കാരികളെ അനുവദിക്കുന്നതിന് ഇതോടെ നിയന്ത്രണമുണ്ടാവും. ഒരാൾക്ക് എത്ര ഗാർഹിക തൊഴിലാളികളുണ്ട്, കൂടുതൽ പേർ ആവശ്യമുണ്ടോ, താമസവും വേതനവും  ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നൽകാനുള്ള സാമ്പത്തിക സ്ഥിതിയുണ്ടോ എന്നീ കാര്യങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും പുതിയ വിസ അനുവദിക്കുക. മൽസ്യ ബന്ധന തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളിലും ഇത്തരം കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം മാത്രമായിരിക്കും വിസ അനുവദിക്കുകയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തോട്ടത്തിന്റെ വിസ്തീർണം, കൃഷിയുടെ ഇനം എന്നിവ പരിഗണിച്ച് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി പത്രം വാങ്ങിയ ശേഷം മാത്രമേ വിസയ്ക്കായി അപേക്ഷ നൽകാൻ കഴിയുകയുള്ളൂ. അവിദഗ്ധ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വിസാ നിയന്ത്രണം കർശനമായി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

click me!