
ദോഹ: ഉപരോധം പിന്‍വലിക്കാന്‍ സൗദി മുന്നോട്ടു വെച്ച ഉപാധികളുടെ പട്ടിക അംഗീകരിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി.ഉപാധികള്‍ യുക്തിക്ക് നിരക്കുന്നതല്ലെന്നും ഇതുമായി ബന്ധപ്പെട്ട യാതൊരു നടപടി ക്രമങ്ങളും കൈക്കൊള്ളാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഖത്തര്‍ സര്‍ക്കാരിന്റെ വാര്‍ത്താവിനിമയ വിഭാഗം അറിയിച്ചു. അല്‍ ജസീറ നിരോധിക്കുന്നതടക്കം പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക ഇന്നലെയാണ് സൗദി അറേബ്യ കുവൈത്തിന് കൈമാറിയത്.
അല്‍ ജസീറ ചാനല്‍ നിരോധിക്കുക, ഖത്തറിലെ തുര്‍ക്കി സൈന്യത്തെ പിന്‍വലിക്കുക,ടെഹ്റാനിലെ ഖത്തര്‍ എംബസി അടച്ചു പൂട്ടുന്നതുള്‍പ്പെടെ ഇറാനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പരിമിതപ്പെടുത്തുക തുടങ്ങിയ പതിമൂന്നോളം ഉപാധികളാണ് പ്രശ്നത്തില്‍ മാധ്യസ്ഥം വഹിക്കുന്ന കുവൈറ്റിന് സൗദി കൈമാറിയത്. നിബന്ധനകള്‍ നടപ്പിലാക്കാന്‍ പത്തു ദിവസത്തെ സാവകാശമാണ് അനുവദിച്ചത്. ഇതിനു പിന്നാലെ നിബന്ധനകള്‍ പത്തു ദിവസത്തിനകം നടപ്പിലാക്കിയില്ലെങ്കില്‍ ഉപരോധ രാജ്യങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ ഖത്തര്‍ സന്നദ്ധമാകണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷും മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരിടപെടലിനും തങ്ങള്‍ ഒരുക്കമല്ലെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ച ഖത്തര്‍ സൗദി മുന്നോട്ടുവെച്ച ഉപാധികള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. തീവ്രവാദത്തിന്റെ പേര് പറഞ്ഞു പുകമറ സൃഷ്‌ടിക്കാനാണ് ഉപരോധ രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും ഖത്തറിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ഫലപ്രദമായി ചെറുത്തു നില്‍ക്കുമെന്നും വാര്‍ത്താ വിനിമയ വിഭാഗം പ്രസ്താവനയില്‍ അറിയിച്ചു.
സൗദി അനുകൂല രാജ്യങ്ങള്‍ മുന്നോട്ടു വെച്ച ഉപാധികള്‍ മനുഷ്യാവകാശ കരാറുകളുടെ പച്ചയായ ലംഘനമാണെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതികരിച്ചു. .മനുഷ്യരെ പട്ടിണിക്കിട്ടു കൊല്ലാന്‍ ശ്രമിക്കുകയും കുടുംബ ബന്ധങ്ങള്‍ വേര്‍പെടുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഉപരോധത്തിനെതിരെ അന്താരാഷ്‌ട്ര മനുഷ്യാവകാശ കമ്മീഷന്‍ ഉടനടി നടപടികള്‍ കൈകൊള്ളുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
നിബന്ധനകള്‍ ഒരു കാരണവശാലും അംഗീകരിക്കരുതെന്നും എന്‍ എച് ആര്‍ സീ ഖത്തര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഖത്തറിനെതിരെ ഉപരോധ രാജ്യങ്ങള്‍ ഉന്നയിച്ചിട്ടുള്ള പരാതികള്‍ യാഥാര്‍ഥ്യബോധത്തോടെ ഉള്ളവയാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നു ബ്രിട്ടന്‍ വിദേശ കാര്യാ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. പ്രശ്ന പരിഹാരത്തിനുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ടു കൊണ്ട് മികച്ച രീതിയിലുള്ള നയതന്ത്ര സമീപനമാണ് ഗള്‍ഫ് രാഷ്‌ട്രങ്ങള്‍ സ്വീകരിക്കേണ്ടതെന്നും പ്രശ്നം അനന്തമായി നീട്ടി കൊണ്ട് പോവുന്നത് പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam