ഖുത്ബ് മിനാറിനെ വിഷ്ണു സ്തംഭമായി ചിത്രീകരിച്ച് ഹിന്ദു മഹാസഭ

By Web DeskFirst Published Mar 19, 2018, 1:01 PM IST
Highlights
  • വിവാദ കലണ്ടറുമായി ഹിന്ദു മഹാസഭ അലിഗഡ് യൂണിറ്റ്

ആഗ്ര: വിവാദ കലണ്ടറുമായി ഹിന്ദു മഹാസഭ അലിഗഡ് യൂണിറ്റ്. ഹിന്ദു പുതുവത്സര കലണ്ടറെന്ന പേരില്‍ സഭ പുറത്തിറക്കിയ കലണ്ടറില്‍ ഖുത്ബ് മിനാറിനെ രേഖപ്പെടുത്തിയിരിക്കുന്നത് വിഷ്ണു സ്തംഭമെന്ന പേരില്‍. കൂടാതെ മുഗള്‍ വംശ കാലത്തെ പള്ളികളും കുടീരങ്ങളും ഹിന്ദു പുതുവത്സര കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താജ് മഹലിനെ ഹൈന്ദവ ക്ഷേത്രമായാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. താജ് മഹലിനെ തേജോ മഹാലയാ ക്ഷേത്രം എന്ന് രേഖപ്പെടുത്തിയപ്പോള്‍ മധ്യപ്രദേശിലെ കമല്‍ മൗല പളളിയോ ഭോജനശാല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

കാശിയിലെ ഗ്യാന്‍വ്യാപി പള്ളി വിശ്വനാഥ ക്ഷേത്രമായും ജോന്‍പുരിലെ അതല പള്ളി അത്‌ല ദേവി ക്ഷേത്രമായും തകര്‍ക്കപ്പെട്ട ബബറി മസ്ജിദ് അയോദ്യ രാമജന്മ ഭൂമിയായും കലണ്ടറില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയെ ഹൈന്ദവ രാജ്യമായി പ്രഖ്യാപിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പറഞ്ഞു. കലണ്ടര്‍ നിര്‍മ്മിച്ചത് രാജ്യത്തെ ഹൈന്ദവ രാഷ്ട്രമായി മാറ്റുന്നതിന്റെ ഭാഗമായാണെന്നും അവര്‍ വ്യക്തമാക്കി. 

വിദേശീയരായ ആളുകള്‍ രാജ്യത്തെ കീഴടക്കി പല ഹൈന്ദവ മത സ്ഥാപനങ്ങളും പിടിച്ചെടുത്ത് പേരുമാറ്റിയതാണ്. തങ്ങള്‍ ഈ കലണ്ടറിലൂടെ അവയ്ക്ക് യഥാര്‍ത്ഥ നാമം നല്‍കുകയായിരുന്നുവെന്നും പൂജ പറഞ്ഞു. അതേസമയം ഈ അവകാശവാദം അടിത്തറയില്ലാത്തതാണെന്ന് ആള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കമ്മിറ്റി അംഗം ഈദിഗാഅ് മൗലാന ഖാലിദ് റഷീദ് ഫിരാന്‍ഗി മഹാലി പറഞ്ഞു. രാജ്യത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ വിദ്വേഷം പടര്‍ത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 

click me!