ബിജെപി നുണയില്‍ കെട്ടിയ പ്രസ്ഥാനം : രാഹുല്‍ ഗാന്ധി

By Web deskFirst Published Dec 22, 2017, 7:16 PM IST
Highlights

ദില്ലി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപി നുണയില്‍ കെട്ടിയ പ്രസ്ഥാനമാണ്. പാര്‍ട്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും രാഹുല്‍ വിമര്‍ശിച്ചു. 

അമിത്ഷായുടെ മകന്റെ അഴിമതിയെ കുറിച്ചും റാഫേല്‍ ഇടപാടിനെ കുറിച്ചും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കോര്‍പ്പറേറ്റുകളുടെ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ഇതിനെതിരെ വലിയ പ്രചാരണം നയിക്കുമെന്നും രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം പറഞ്ഞു. 

2019 ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമാണ് ഇന്ന് നടന്ന പ്രവര്‍ത്തക സമിതി യോഗം ചര്‍ച്ച ചെയ്തതെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കേന്ദ്രത്തിനെതിരെ ഓരോ സംസ്ഥാനങ്ങളിലും വലിയ പ്രചാരണ പരിപാടികള്‍ ആരംഭിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം നാളെ രാഹുല്‍ ഗാന്ധി ഗുജറാത്തിലേക്ക് പോകും. സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടികളില്‍ രാഹുല്‍ സംസാരിക്കും.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗമാണ് ഇന്ന് ദില്ലിയില്‍ നടന്നത്. രാവിലെ പത്തരയ്ക്ക് ആരംഭിച്ച യോഗം ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തി. 

മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാമന്ത്രി മന്‍മോഹന്‍ സിംഗ്, മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മോത്തിലാല്‍ വോറ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ആനന്ദ് ശര്‍മ്മ, അംബികാ സോണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

click me!