രാഹുല്‍ ഒരു വമ്പന്‍ തിരിച്ചുവരവ്

By web deskFirst Published Dec 11, 2017, 4:35 PM IST
Highlights

കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ കാലം. 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അധികാര കൈമാറ്റം നടക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുന്നത് ആഘോഷമാക്കാന്‍ എഐസിസി ആസ്ഥാനം ഒരുക്കുന്ന തിരക്കിലാണ് പ്രവര്‍ത്തകര്‍. മഹാത്മാ ഗാന്ധി മുതല്‍ നീളുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ കൈപിടിയ്ക്കുന്നതോടെ രാഹുലും ചരിത്രത്തിന്റെ ഭാഗമാകും. 

രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ...

  • 1970 ജൂണ്‍ 19 - മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും മകനായി ദില്ലിയില്‍ ജനനം.
  • 1981: ഉത്തരാഖണ്ഡിലെ  ഡൂണ്‍ സ്‌കൂളില്‍ ചേര്‍ന്നു.
  • 1984 ഒക്ടോബര്‍ 31- സിഖ് സുരക്ഷാസൈനികരുടെ വെടിയേറ്റ്  മുത്തശ്ശിയും പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടു. പിതാവ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.
  • സിഖ് തീവ്രവാദ ഭീഷണിയുള്ളതിനാല്‍ രാഹുലിനെയും സഹോദരി പ്രിയങ്കയെയും ഡൂണ്‍ സ്‌കൂളില്‍നിന്നു മാറ്റി, പഠനം വീട്ടില്‍ത്തന്നെയാക്കി. 
  • 1989 - ദില്ലിയിലെ സെന്റ് സ്റ്റീഫെന്‍സ് കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും ഒന്നാം വര്‍ഷത്തിന് ശേഷം 1990ല്‍ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു. 
  • 1991 മേയ് 21-  തമിഴ് ഭീകരരുടെ ചാവേറാക്രമണത്തില്‍ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി വധിക്കപ്പെട്ടു. 
  • പിതാവിന്റെ വധത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ ഫ്‌ളോറിഡയിലെ റോളിന്‍സ് കോളേജിലേക്ക് പഠനം മാറ്റി, റോള്‍ വിഞ്ചി എന്ന പേരിലാണ് അവിടെ പഠിച്ചത്. കോളേജ് അധികൃതര്‍ക്കും സുരക്ഷാ ഏജന്‍സികള്‍ക്കുമല്ലാതെയാര്‍ക്കും യഥാര്‍ത്ഥ പേര് അറിയില്ലായിരുന്നു.
  • 1994 - റോളിന്‍സ് കോളേജില്‍നിന്ന് ബിഎ ബിരുദം നേടി. 
  • 1995 - കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍നിന്ന് എംഫില്‍ നേടി 
  • 1998 - മാതാവ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി
  • 1999 -യുകെയിലെ ജോലി രാജിവെച്ച് അമ്മയെയും സഹോദരിയെയും ലോകസഭാ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ ഇന്ത്യയിലെത്തി.
  •  2003 -രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിലെത്തുമെന്ന് വാര്‍ത്ത പരന്നു.
  • 2004 മാര്‍ച്ച് - രാഹുല്‍ ഉത്തരപ്രദേശിലെ അമേഠിയില്‍നിന്ന് മല്‍സരിക്കുമെന്ന് പ്രഖ്യാപനം
  • 2004 മേയ് - ഒരു ലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • 2004 മേയ് - കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ മുന്നണി അധികാരത്തിലേക്ക്
  • 2004 ജൂണ്‍ 03 - ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
  • 2006 - റായ് ബറേലിയില്‍ അമ്മ സോണിയയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു.
  • 2007 സെപ്‌റ്റംബര്‍ 24 - അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. ഒപ്പം എന്‍എസ്‍യു ഐ, യൂത്ത് കോണ്‍ഗ്രസ് എന്നിവയുടെ ചുമതലയും. 
  • 2008 നവംമ്പര്‍ - അഭിമുഖം നടത്തി 40 പേരെ യൂത്ത് കോണ്‍ഗ്രസ്  തിങ്ക് ടാങ്ക് (think tank) ലേക്ക് തെരഞ്ഞെടുത്തു. രാഹുലിനു കീഴില്‍ യൂത്ത് കോണ്‍ഗ്രസ് അംഗബലം 2 ലക്ഷത്തില്‍നിന്നും 25 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 
  • 2009 മേയ്- ലോകസഭാതെരഞ്ഞെടുപ്പില്‍ അമേഠി മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 3,70,000 വോട്ടുകള്‍. 80 ല്‍ 21 സീറ്റ് നേടി യുപിയില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. 
  • 2009 മേയ് - 206 സീറ്റ് നേടി കോണ്‍ഗ്രസ് രണ്ടാം യുപിഎ മുന്നണിയിലൂടെ അധികാരത്തിലേക്ക്. 
  • 2011 - ഉത്തര്‍പ്രദേശിലെ ഭട്ട് പരാസുല്‍ ഗ്രാമത്തിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായി.
  • 2012 - ഉത്തര്‍പ്രദേശിലെ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു, മുന്‍തെരഞ്ഞെടുപ്പിനെക്കാള്‍ 6 സീറ്റ് കൂടുതല്‍ നേടി, 28 സീറ്റോടെ നാലാം സാഥാനത്തെത്തി. 
  • 2013 ജനുവരി 21 - കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റായി. 
  • 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കിയെങ്കിലും കോണ്‍ഗ്രസ് ചരിത്രപരമായ തോല്‍വി നേരിട്ട് 44 സീറ്റിലേക്കൊതുങ്ങി. രാഹുല്‍ അമേഠി നിലനിര്‍ത്തി. 
  • 2015 ഫെബ്‌റുവരി യില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അവധി നല്‍കി. 
  • 2015 ഏപ്രില്‍ 19 -കിസാന്‍, ഖേത്, മസ്ദൂര്‍ എന്ന കര്‍ഷകറാലിയില്‍ പങ്കെടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി.
  • 2015 ഏപ്രില്‍ 20 - കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ച് ലോക്‌സഭയില്‍ 20 മിനുട്ട് പ്രസംഗം. 'സൂട്ട് ബൂട്ട് കി സര്‍ക്കാര്‍' എന്നു മോദിയെ വിമര്‍ശിച്ചു.
  • 2015 ഏപ്രില്‍ 25 - കാല്‍നടയായി കേദാര്‍നാഥ് സന്ദര്‍ശനം
  • 2015 ഏപ്രില്‍ 28 - കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പഞ്ചാബിലേക്ക് ട്രെയിന്‍ യാത്ര
  • 2015 ഏപ്രില്‍ 30 - വിദര്‍ഭയിലെ കര്‍ഷകരെ കാണാന്‍ 15 കിലോമീറ്റര്‍ പദയാത്ര
  • 2015 മേയ് 05 - സമൂഹമാധ്യമങ്ങളിലൂടെ പ്രചരണത്തിനായി Office of RG - twitter account തുടങ്ങി
  • 2015 മേയ് 27 - കേരളത്തില്‍ മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രസംഗിച്ചു.
  • 2016 മാര്‍ച്ച് 02 - ലോക് സഭയില്‍ പ്രസംഗം - ഫെയര്‍ ആന്‍റ് ലവ് ലി യോജന
  • 2017 നവംമ്പര്‍-ഡിസംമ്പര്‍ - ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണം മുന്നില്‍നിന്ന് നയിക്കുന്നു. ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി, അല്‍പേഷ് താക്കൂര്‍ ത്രയത്തെ കോണ്‍ഗ്രസ് കുടക്കീഴിലാക്കി ബിജെപിക്കെതിരെ ശക്തമായി പ്രചരണം നടത്തുന്നു.
  • 2017 ഡിസംമ്പര്‍ 4 - കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. 
  • 2017 ഡിസംബര്‍ 11 - കോണ്‍ഗ്രസ് അധ്യക്ഷനായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

വിവാദ പരാമര്‍ശങ്ങള്‍

  • 2007 ഏപ്രില്‍ 15 - ഒരിക്കല്‍ ഒന്നു തീരുമാനിച്ചാല്‍ എന്റെ കുടുംബം അതില്‍ നിന്നും പിന്നോട്ടില്ല. അത് ഇന്ത്യയുടെ സ്വാതന്ത്ര്യമായാലും, പാക്കിസ്ഥാന്‍ വിഭജനമായാലും, 21ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിക്കുന്നതായാലും.
  • 2008 ജൂലൈ 22 - ലോക്‌സഭയിലെ കന്നി പ്രസംഗം , ഏറെ പരിഹസിക്കപ്പെട്ട കലാവതി പ്രസംഗം
  • 2011 ഏപ്രില്‍ 09 - കേരള നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിഎസ്സിനെതിരെ 93 വയസ്സായ മുഖ്യമന്ത്രിയെയാണോ വേണ്ടതെന്ന് ചോദിച്ചതും, അമൂല്‍ ബേബിയെന്ന് വിഎസ് തിരിച്ചാക്ഷേപിച്ചതും
  • 2013 സെപ്റ്റംബര്‍ 27 - കുറ്റവാളികളായി ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ നിന്നും വിലക്കണമെന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് വലിച്ചുകീറി ചവറ്റുകുട്ടയിലെറിയണമെന്നു വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞു.
  • 2013 ഡിസംമ്പബര്‍ - ഇന്‍ഡോറിലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പ് റാലിയിലെ വിവാദ പ്രസംഗം - മുസാഫര്‍നഗര്‍ കലാപബാധിതരായ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നെന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
  • 2016 സെപ്റ്റംബര്‍ 01 - ഗാന്ധിജി വധത്തില്‍ ആര്‍എസ്എസ്സിനെതിരെ വിവാദ പ്രസംഗം
     
click me!