രാഹുലിന് മുന്‍പില്‍ കണ്ണീരോടെ ഗുജറാത്തിലെ അധ്യാപകര്‍

Published : Nov 25, 2017, 06:01 PM ISTUpdated : Oct 05, 2018, 02:01 AM IST
രാഹുലിന് മുന്‍പില്‍ കണ്ണീരോടെ ഗുജറാത്തിലെ അധ്യാപകര്‍

Synopsis

അഹമ്മദാബാദ്; ഗുജറാത്തില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിക്ക് മുന്‍പില്‍ കണ്ണീരുമായി അധ്യാപക സമൂഹം. ഗുജറാത്തിലെ അധ്യാപകസമൂഹത്തിന്റെ  പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കോളേജ്-സ്‌കൂള്‍ അധ്യാപകരുമായി രാഹുല്‍ഗാന്ധി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു വൈകാരിക രംഗങ്ങള്‍ അരങ്ങേറിയത്. 

അഹമ്മദാബാദിലെ തക്കോര്‍ബായി ദേശായി ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ആദ്യം സംസാരിച്ച രാഹുല്‍ ഗാന്ധി ഗുജറാത്തിലെ അധ്യാപകരെ സര്‍ക്കാര്‍ അവഗണിച്ചിരിക്കുകയാണെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

തുടര്‍ന്ന് സ്വന്തം പ്രശ്‌നങ്ങള്‍ പറയുവാന്‍ അദ്ദേഹം അധ്യാപകരെ ക്ഷണിച്ചു. രണ്ട് പതിറ്റാണ്ടിലേറെയായി താല്‍കാലിക അധ്യാപികയായി ജോലി നോക്കുന്ന രഞ്ജനാ അവസ്തി എന്ന കോളേജ് അധ്യാപികയും ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. മറ്റുള്ള അധ്യാപകര്‍ സംസാരിച്ച ശേഷം മൈക്ക് കൈയിലെടുത്ത ഇവര്‍ താനടക്കമുള്ള ഗുജറാത്തിലെ ആയിരക്കണക്കിന് അധ്യാപകര്‍ നേരിടുന്ന അവകാശലംഘനങ്ങളെക്കുറിച്ച് വിവരിച്ചു തുടങ്ങി. 

''22 വര്‍ഷത്തെ സര്‍വ്വീസുള്ള കേളേജ് അധ്യാപികയാണ് ഞാന്‍. പക്ഷേ ഇപ്പോഴും ഞാന്‍ പാര്‍ട്ട് ടൈം ലക്ച്ചറര്‍ ആയാണ് ജോലി ചെയ്യുന്നത്. 12,000 രൂപയാണ് എന്റെ മാസശമ്പളം. 1994-ലാണ് ഞാന്‍ സംസ്‌കൃതത്തില്‍ പിഎച്ച്ഡി എടുത്തത്. എന്നാല്‍ ഉന്നതവിദ്യഭ്യാസയോഗ്യത സ്വന്തമാക്കിയ ശേഷവും ഞാനടക്കമുള്ള അധ്യാപകര്‍ക്ക് ജീവിതത്തില്‍ ദുരിതം മാത്രമാണുള്ളത്. 

ഇത്ര കാലത്തെ സര്‍വ്വീസിനിടയില്‍ നരകയാതന അനുഭവിച്ച ഒരുപാട് ദിവസങ്ങളിലൂടെ ഞാനടക്കമുള്ള അധ്യാപകര്‍ കടന്നു പോയിട്ടുണ്ട്. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസവാവധി പോലും ഞങ്ങള്‍ക്ക് അനുവദിച്ചു കിട്ടിയിട്ടില്ല.മറ്റുള്ളവരെ പോലെ പെന്‍ഷന്‍ അടക്കമുള്ള അനൂകൂല്യങ്ങള്‍ കൈപ്പറ്റി സര്‍വ്വീസില്‍ നിന്ന് വിരമിക്കണമെന്നും അതിന് ശേഷം അന്തസുള്ള ജീവിതം നയിക്കണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പക്ഷേ ആ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ ഞങ്ങള്‍ കൈവിട്ടു. 40,000 രൂപ ശമ്പളം നല്‍കി ഞങ്ങളെ നിശ്ചിതകാലത്തേക്ക് കൂടി സര്‍വ്വീസില്‍ നിര്‍ത്തിയ ശേഷം പറഞ്ഞയക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഞങ്ങള്‍ അധ്യാപകര്‍ അനുഭവിച്ച വേദനകളും യാതനകളും ഞങ്ങള്‍ക്ക് മാത്രമേ അറിയൂ.

അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അങ്ങയുടെ പാര്‍ട്ടി അധികാരത്തില്‍ വരികയാണെങ്കില്‍ ഞങ്ങള്‍ നേരിടുന്ന അനീതി അവസാനിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കണം....എന്നെ പോലുള്ള താത്കാലിക ജീവനക്കാര്‍ക്ക് വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടാനുള്ള വഴിയെങ്കിലും ഉണ്ടാക്കണം.... വിങ്ങിക്കരഞ്ഞു കൊണ്ട് രഞ്ജനാ അവസ്തി പറഞ്ഞു. 

രഞ്ജനയുടെ അനുഭവക്കഥ കേട്ട സദസും രാഹുല്‍ ഗാന്ധിയും അല്‍പനേരത്തെ നിശബ്ദരായി നിന്നു. പിന്നീട് മൈക്ക് കൈയിലെടുത്ത രാഹുല്‍ ഗാന്ധി ചില ചോദ്യങ്ങള്‍ക്ക് വാക്കുകളിലൂടെ മറുപടി പറയുവാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് വേദി വിട്ടിറങ്ങി.

സദസിന്റെ മധ്യനിരയില്‍ നില്‍ക്കുകയായിരുന്ന രഞ്ജനയ്ക്ക് അരികിലെത്തിയ രാഹുല്‍ അവര്‍ക്കടുത്ത് കസേര വലിച്ചിട്ട്  ഇരിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അവരെ ആലിംഗനം ചെയ്ത് പ്രതീക്ഷ കൈവിടാതെയിരിക്കാന്‍ ഉപദേശിച്ച ശേഷം രാഹുല്‍ വേദിയില്‍ മടങ്ങിയിലെത്തി. 

ഗുജറാത്ത് സര്‍ക്കാര്‍ അധ്യാപകര്‍ക്കായി നടപ്പാക്കിയ സ്ഥിരവേതന സംവിധാനത്തെ വിമര്‍ശിച്ചു സംസാരിച്ച രാഹുല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനം കാര്യക്ഷമമാക്കുന്നതിന് മുഖ്യപരിഗണന നല്‍കുമെന്നും അധ്യാപകര്‍ക്ക് ഉറപ്പ് നല്‍കി. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല