ഇനി ടിക്കറ്റ് ഉറപ്പാകുമോയെന്ന് അറിഞ്ഞ ശേഷം ബുക്ക് ചെയ്യാം

By web deskFirst Published May 29, 2018, 3:20 PM IST
Highlights
  • ജനകീയമാകാന്‍ മുഖം മിനുക്കി ഇന്ത്യന്‍ റെയില്‍വേ
  • നവീകരിച്ച വെബ്സെെറ്റ് നിലവില്‍ വന്നു

ദില്ലി: ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വെയിറ്റിംഗ് ലിസ്റ്റിലാകുന്നവരുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും പ്രതിവിധിയുമായി ഇന്ത്യന്‍ റെയില്‍വേ. വെയിറ്റിംഗ് ലിസ്റ്റ് ആകുന്നവര്‍ക്ക് തങ്ങളുടെ ടിക്കറ്റ് ഉറപ്പാകുമോയെന്നതിന്‍റെ സാധ്യതകള്‍ ബുക്കിംഗ് സമയത്ത് തന്നെ അറിയാനുള്ള സംവിധാനം ഐആര്‍സിടിസിയുടെ വെബ്സെെറ്റില്‍ ഉള്‍പ്പെടുത്തി.

ഇന്നു മുതല്‍ പുതിയ സേവനം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. സെന്‍റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആണ് പുതിയ സേവനം വികസിപ്പിച്ചെടുത്തത്. ബുക്കിംഗ് ചെയ്തവരുടെ എണ്ണത്തിനും ഓരോ ട്രെയിനുകളുടെയും മുന്‍കാലങ്ങളിലെ അവസ്ഥകളുമൊക്കെ അനുസരിച്ചാണ് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് ഉറപ്പാകുമോയെന്ന് പരിശോധിക്കുന്നത്.

റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഈ സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ട്രെയിന്‍ ബുക്ക് ചെയ്യുന്ന സമയത്ത് വെയിറ്റിംഗ് ലിസ്റ്റിലാണെങ്കില്‍ ടിക്കറ്റ് ഉറപ്പാകിമോയെന്നതിന്‍റെ ശതമാന സാധ്യത റെയില്‍വേ നല്‍കും. 13 വര്‍ഷത്തെ റെയില്‍വേയുടെ ബുക്കിംഗ് ചരിത്രം പരിശോധിച്ചാണ് പുതിയ സംവിധാനം ഉള്‍പ്പെടുത്തിയത്.

ഐആര്‍സിടിയിയുടെ പുതിയ വെബ്സെെറ്റിലാണു ടിക്കറ്റ് കണ്‍ഫേം ആകുമോയെന്നു പ്രവചിക്കുന്ന സംവിധാനം വന്നിരിക്കുന്നത്. റെയില്‍വേ കൂടുതല്‍ ജനകീയമാക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ നിരവധി പുതിയ സവിശേഷതകളും ഐആര്‍സിടിസി വെബ്സെെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, ലോഗിന്‍ ചെയ്താല്‍ മാത്രമേ ട്രെയിനുകളുടെ വിവരങ്ങള്‍ ലഭിക്കുമായിരുന്നുള്ളൂ.

ഇപ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മാത്രം ലോഗിന്‍ ചെയ്താല്‍ മതിയാകും. കൂടാതെ, എളുപ്പത്തില്‍ ബുക്ക് ചെയ്യുന്നതിനായി വിവരങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാനും ആറും ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ രേഖപ്പെടുത്താനുമാകും. ഐആര്‍സിടിസിയുടെ വെബ്സെെറ്റില്‍ പുതിയ വേര്‍ഷനിലേക്കുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്.

click me!