
സംസ്ഥാനത്ത് രണ്ട് ദിവസത്തിനുള്ളിൽ കാലവർഷം വീണ്ടും സജീവമാകും. കാറ്റിന്‍റെ ദിശമാറിയതാണ് മഴ കുറയാനുള്ള കാരണം. അറബിക്കടലിൽ വൈകാതെ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു.
ജൂൺ ആദ്യം കണ്ട ആവേശം സംസ്ഥാനത്ത് മഴയ്ക്ക് ഇപ്പോൾ ഇല്ല. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഗതി ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗത്തേക്ക് മാറിയതാണ് ഇതിന് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യാഴാഴ്ചയോടെ സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുമെന്നുമാണ് കാലാവസ്ഥ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
കാലവർഷത്തിന്‍റെ തുടക്കത്തിൽ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ മാത്രമാണ് പ്രതീക്ഷിച്ച തോതിൽ മഴ ലഭിച്ചത്. പാലക്കാട്, ഇടുക്കി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ കാര്യമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇടവിട്ട് മഴ കുറയുന്ന സാഹചര്യം ഉണ്ടാകാമെങ്കിലും ഈ വർഷം സംസ്ഥാനത്ത് ശരാശരി കാലവർഷം ലഭിക്കും. എന്നാൽ ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ലായ മധ്യേന്ത്യയിൽ മഴ കുറഞ്ഞേക്കുമെന്ന ആശങ്കയും കാലാവസ്ഥ ശാസ്ത്രജ്ഞർ പങ്കുവയ്ക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam