തിരഞ്ഞെടുപ്പ് വരുന്നു; രാജ്യസഭയില്‍ എന്‍.ഡി.എ കരുത്താര്‍ജിക്കും

By Web DeskFirst Published Feb 25, 2018, 3:19 PM IST
Highlights

ദില്ലി: മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലെ 58 എംപിമാര്‍ വിരമിക്കുന്നതോടെ നടക്കുന്ന തിരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന് നേട്ടമായേക്കും. നിലവില്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിനുള്ള ഭൂരിപക്ഷം കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷവുമായുള്ള ഭൂരിപക്ഷത്തിലെ വ്യത്യാസം കാര്യമായി കുറയ്ക്കാന്‍ തിരഞ്ഞെടുപ്പിലൂടെ സാധിക്കും.

നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് എംപിമാരും ഒരു സ്വതന്ത്യനുമടക്കം 58 പേരാണ് ഏപ്രിലില്‍ കാലാവധി തീര്‍ന്ന് രാജ്യസഭയില്‍ നിന്ന് വിരമിക്കുന്നത്. ഇത്രയും സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 23-ന് നടത്താന്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടൊപ്പം കേരളത്തില്‍ നിന്നും എംപി വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കും. 

2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം സ്വന്തമാക്കിയ ബിജെപിക്കും എന്‍ഡിഎയിലെ മറ്റുകക്ഷികള്‍ക്കും ഇക്കുറി തങ്ങളുടെ കൂടുതല്‍ അംഗങ്ങളെ രാജ്യസഭയിലെത്തിക്കാന്‍ സാധിക്കും. മാര്‍ച്ചിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ നിലവിലെ പ്രതിപക്ഷ എംപിമാരുടെ എണ്ണം 123-ല്‍ നിന്നും 115 ആയി കുറയുമെന്നാണ് കരുതുന്നത്. ഇപ്പുറത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണിയിലെ എംപിമാരുടെ എണ്ണം 100-ല്‍ നിന്നും 109 ആയി ഉയരുകയും ചെയ്യും. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും രാജ്യസഭയില്‍ പ്രതിപക്ഷകക്ഷികളുടെ മേല്‍ക്കൈ നിലനിലനില്‍ക്കുമെങ്കിലും ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും സമ്മര്‍ദ്ദശക്തി വര്‍ധിക്കും. 

ഉത്തര്‍പ്രദേശ്-9,മഹാരാഷ്ട്ര-6,മധ്യപ്രദേശ്-5,ബീഹാര്‍-5,ഗുജറാത്ത്-4,കര്‍ണാടക-4, പശ്ചിമബംഗാള്‍-4,രാജസ്ഥാന്‍-3,ഒഡീഷ-3, ആന്ധ്രാപ്രദേശ്-3,തെലങ്കാന-2,ഉത്തരാഖണ്ഡ്-1,ഹിമാചല്‍പ്രദേശ്-1,ചത്തീസ്ഗഡ്-1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളുടെ എണ്ണം. 2024-ലാണ് ഇനി ഈ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ നിന്നും വീരേന്ദ്രകുമാര്‍ രാജിവച്ച സീറ്റിന് 2022 മേയ് വരെയാണ് കാലാവധി.
 

click me!