രാകേഷ് പാടി... ' ഉന്നൈ കാണാതു നാന്‍... ' ; ഒടുവില്‍ ശങ്കര്‍ മഹാദേവന്‍ വിളിച്ചു, കാണണം... കൂടെ പാടണം...

web desk |  
Published : Jul 02, 2018, 07:21 PM ISTUpdated : Oct 02, 2018, 06:42 AM IST
രാകേഷ് പാടി... ' ഉന്നൈ കാണാതു നാന്‍... ' ; ഒടുവില്‍ ശങ്കര്‍ മഹാദേവന്‍ വിളിച്ചു, കാണണം... കൂടെ പാടണം...

Synopsis

ഒരു പാട്ടുകാരനാകണമെന്ന മോഹമായിരുന്നു മനസ്സുനിറയെ. എന്നാല്‍ സംഗീതം പഠിച്ചിട്ടില്ലാത്ത രാകേഷിന്‍റെ മോഹങ്ങള്‍ക്ക് ഈ പാട്ടിലൂടെ പ്രതീക്ഷയേറിയിരിക്കുകയാണ്.

ചാരുംമൂട്: രാകേഷ് പാടിയ 'ഉന്നൈ കാണാതു നാന്‍' എന്ന തമിഴ് സിനിമാ ഗാനം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ നൂറനാട് ഉളവുക്കാട് രാജേഷ് ഭവനത്തില്‍ രാകേഷിന് ( ഉണ്ണി) പ്രമുഖ ഗായകന്‍ ശങ്കര്‍ മഹാദേവന്‍റെ അഭിനന്ദനം. ഉലകനായകന്‍ കമലഹാസന്റെ വിശ്വരൂപം സിനിമയ്ക്ക് ശങ്കര്‍ മഹാദേവന്‍ സൂപ്പര്‍ഹിറ്റാക്കിയ ഗാനമാണ് ഒരാഴ്ച മുമ്പ് റബ്ബര്‍ തടികള്‍ കയറ്റുന്നതിനിടെ വീണ് കിട്ടിയ വിശ്രമവേളയില്‍ സുഹൃത്തായ ഷെമീര്‍ മൊബൈലില്‍ പകര്‍ത്തിയത്. 

ഇത് ഷെമീറിന്‍റെ സഹോദരി ഷെമീന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യ്തു. പാട്ട് ഇതിനകം മൂന്ന് ലക്ഷം പേര്‍ കേട്ടു കഴിഞ്ഞു. വിശ്വരൂപം സിനിമയ്ക്ക് വേണ്ടി ഈ ഗാനം ആലപിച്ച ശങ്കര്‍ മഹാദേവന്‍ കഴിഞ്ഞ ദിവസം ഫോണില്‍ വിളിച്ച് രാകേഷിനെ അഭിനന്ദിച്ചിരുന്നു. ഇതുപോലെ ഒരാളെ തിരഞ്ഞ് നടക്കുകയായിരുന്നുവെന്നും കൂടെ പാടാന്‍ ക്ഷണിക്കുന്നുവെന്നും അദ്ദേഹം നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ശങ്കര്‍ മഹാദവന്‍റെ നല്ല വാക്കുകള്‍ വലിയ അംഗീകാരമായി രാകേഷ് കരുതുന്നത്. 

രാകേഷിന്‍റെ പാട്ടുകേട്ട ഗോപി സുന്ദര്‍ ഈ ശബ്ദം എനിക്ക് വേണമെന്നും, ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നും ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കമലഹാസന് വേണ്ടി അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സെക്രട്ടറിയും രാകേഷിനെ വിളിച്ചു അഭിനന്ദനം അറിയിച്ച ശേഷം ഉടന്‍ നേരില്‍ കാണുമെന്നും പറഞ്ഞു. 

മുപ്പതുകാരനായ രാകേഷ് ചെറുപ്പം മുതല്‍ പാട്ടുകള്‍ കേട്ട് നന്നായി പാടുമായിരുന്നു. ഇതിനിടെ മൃദംഗം പഠിക്കാന്‍ പോയെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ചെണ്ടയില്‍ താളപ്പെരുക്കങ്ങള്‍ തീര്‍ക്കുന്ന ഈ കലാകാരന്‍ മേലേടത്ത് കലാസമിതിയിലെ അംഗമാണ്. സാമൂഹ്യ പ്രവര്‍ത്തകനായ രാകേഷ് നാട്ടിലെ എല്ലാ കാര്യങ്ങളിലും മുന്‍പന്തിയിലുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. 

കൂലിപ്പണിക്കാരനായ പിതാവ് രാഘവനും തൊഴിലുറപ്പ് തൊഴിലാളിയായ  മാതാവ് സൂസമ്മയും, പിതൃസഹോദരി തങ്കമ്മയും, ജ്യേഷ്ഠന്‍ രാജേഷും, രാജഷിന്‍റെ ഭാര്യ ഗ്രീഷ്മയും അടങ്ങുന്നതാണ് കുടുംബം. വല്ല്യച്ഛന്‍റെ മകള്‍ ഇന്ദുവും സംഗീതത്തിന്‍റെ വഴികളില്‍ രാകേഷിനൊപ്പമാണ്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ കുടുംബത്തെ സഹായിക്കാന്‍ രാകേഷും കൂലിപ്പണിക്കിറങ്ങുകയായിരുന്നു. 

നാട്ടിന്‍ പുറത്തെ വേദികളില്‍ ഇടയ്‌ക്കൊക്കെ അവസരങ്ങള്‍ കിട്ടുമ്പോള്‍ രാകേഷ് പാടുമായിരുന്നു. ഒരു പാട്ടുകാരനാകണമെന്ന മോഹമായിരുന്നു മനസ്സുനിറയെ. എന്നാല്‍ സംഗീതം പഠിച്ചിട്ടില്ലാത്ത രാകേഷിന്‍റെ മോഹങ്ങള്‍ക്ക് ഈ പാട്ടിലൂടെ പ്രതീക്ഷയേറിയിരിക്കുകയാണ്. ബാലഭാസ്‌കര്‍, ഗോപി സുന്ദര്‍,  രാധിക നാരായണന്‍, പന്തളം ബാലന്‍ തുടങ്ങി സംഗീത ലോകത്ത് നിന്നടക്കം ഈ ഗായകനെ തേടി അഭിനന്ദന പ്രവാഹം തന്നെയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കും', പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് ട്രംപ്; ഫലപ്രദമായ ചർച്ചയെന്ന് റഷ്യ
ഉന്നാവ് ബലാത്സംഗ കേസ്; ജന്തർമന്തറിൽ സമരത്തിനിടെ അതിജീവിതയും അമ്മയും കുഴഞ്ഞുവീണു, സിബിഐ ഉദ്യോഗസ്ഥ‍ക്കെതിരെ പരാതി