വ്യവസായം തുടങ്ങിയ പ്രവാസിക്ക് കിടപ്പാടം നഷ്ടമായി

Published : Dec 09, 2017, 03:27 PM ISTUpdated : Oct 04, 2018, 08:10 PM IST
വ്യവസായം തുടങ്ങിയ പ്രവാസിക്ക് കിടപ്പാടം നഷ്ടമായി

Synopsis

ആലപ്പുഴ: 12 വര്‍ഷം മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കാശുമായാണ് രാമചന്ദ്രന്‍ നാട്ടിലെത്തിയത്. 'വരവേല്‍പ്പ് ' സിനിമയിലെ മോഹന്‍ലാലിനെപ്പോലെ നാട്ടില്‍ എന്തെങ്കിലും ബിസിനസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. 'ഗള്‍ഫ് പോലല്ല, ഇവിടെ ബിസിനസ്സൊക്കെ പച്ച പിടിക്കാന്‍ വലിയ ബുദ്ധിമുട്ടാ' ഭാര്യയും സുഹൃത്തുക്കളുമൊക്കെ പറഞ്ഞു. ഗള്‍ഫിലെ വിവിധ കമ്പനികളില്‍ ജനറല്‍ മാനേജരായും, സെയില്‍സ് മാനേജരായും ജോലി ചെയ്ത പരിചയം കൈമുതലാക്കി രാമചന്ദ്രന്‍ ബിസിനസിലേക്കിറങ്ങി. ജില്ലാ വ്യവസായ വകുപ്പ് സംഘടിപ്പിച്ച പ്രൈം മിനിസ്റ്റേഴ്‌സ് എംപ്‌ളോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിന്റെ 15 ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. നാടന്‍ കറിപൗഡറുകള്‍ വിപണിയിലെത്തിക്കാനുള്ള രാമചന്ദ്രന്റെ പ്രൊജക്ടിന് ജില്ലാ വ്യവസായ വകുപ്പ് പച്ചക്കൊടി കാട്ടി. അവര്‍ തന്നെ നേരിട്ട് പുന്നപ്ര എസ്.ബി.ടി (ഇപ്പോള്‍ എസ്.ബി.ഐ) ശാഖയ്ക്ക് പദ്ധതി സമര്‍പ്പിച്ചു. വ്യവസായത്തിനാവശ്യമായ തുക ലോണ്‍ നല്‍കാമെന്ന് ബാങ്ക് സമ്മതിച്ചു. അതോടെ രാമചന്ദ്രന്റെ 'ശനിദശ' ആരംഭിച്ചു. 

പി.എം.ഇ.ജി.പി പദ്ധതിപ്രകാരം വ്യവസായ ലോണ്‍ എടുക്കുമ്പോള്‍ ഈട് വേണ്ട. 35 ശതമാനം സബ്‌സിഡിയുണ്ട്. എന്നാല്‍ ഈട് വച്ചാലേ ലോണ്‍ തരൂവെന്ന് ബാങ്ക് നിര്‍ബന്ധം പിടിച്ചതോടെ പുന്നപ്ര വെണ്‍പാലമുക്കിലെ 'രാമനിലയം' വീടും ചുറ്റുമുള്ള 17 സെന്റ് സ്ഥലവും ബാങ്കിന് പണയമായി നല്‍കി. 2011 നവംബറില്‍ 22.7 ലക്ഷം വായ്പ അനുവദിച്ചു. 13 ശതമാനമാണ് പലിശ. മാസം 50,000 രൂപ തിരിച്ചടവ്. വീട്ടുവളപ്പില്‍ ഫാക്ടറി നിര്‍മ്മിച്ച് 16 ലക്ഷം രൂപയുടെ മെഷീനറി സ്ഥാപിച്ചു. വൈദ്യുതി കണക്ഷന്‍, പാക്കിംഗ് മെറ്റീരിയല്‍, അനുബന്ധ വസ്തുക്കള്‍, 22 ജോലിക്കാര്‍ തുടങ്ങിയവയ്ക്കായി രാമചന്ദ്രന്റെ 12 വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ മുടക്കി. 2012 മേയില്‍ ഫാക്ടറി തുടങ്ങി. എയ്‌റസ് കറി മസാലകള്‍ വിപണിയിലെത്തി. കയറ്റുമതിയും ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ദ്ധിച്ചതോടെ വ്യവസായം പ്രതിസന്ധിയിലായി. ലോണ്‍ തിരിച്ചടവ് മുടങ്ങി. 2016ല്‍ ഫാക്ടറി പൂട്ടി. 2013ല്‍ ക്വാളിസ് കാര്‍ പണയം വച്ച് രണ്ടുലക്ഷം രൂപ ബാങ്കില്‍ അടച്ചിരുന്നു. സബ്‌സിഡിയായി 8,75,000 ബാങ്കിലെത്തിയത് കുറച്ചാല്‍ 14.5 ലക്ഷവും പലിശയും അടച്ചാല്‍ മതി. 

എന്നാല്‍ സബ്‌സിഡി കുറയ്ക്കാഞ്ഞതോടെ വന്‍തുക കുടിശ്ശികയായി. ബാങ്ക് 'സര്‍ഫാസി' ആക്ട് അനുസരിച്ച് നിയമ നടപടികള്‍ ആരംഭിച്ചു. മറ്റൊരു വസ്തു വിറ്റ് കടം വീട്ടാമെന്ന് പറഞ്ഞെങ്കിലും സാവകാശം ലഭിച്ചില്ല. ഒരു കോടിയോളം വിലമതിക്കുന്ന രാമചന്ദ്രന്റെ വീടും സ്ഥലവും 37.8 ലക്ഷം രൂപയ്ക്ക് 2016 ല്‍ ഡിസംബറില്‍ ബാങ്ക് ലേലം ചെയ്തു. റിയല്‍ എസ്റ്റേറ്റ് മാഫിയ ബിനാമി പേരില്‍ ഇത് വാങ്ങുകയായിരുന്നെന്ന് രാമചന്ദ്രന്‍ പറയുന്നു. രാമചന്ദ്രന്‍ ഹൈക്കോടതിയിലും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനും പരാതി നല്‍കി. കോടതി ലേല നടപടി സ്റ്റേ ചെയ്തു. എന്നാല്‍ ആലപ്പുഴ സി.ജെ.എം കോടതിയില്‍ നിന്ന് മറ്റൊരുത്തരവ് വാങ്ങി, ബാങ്ക് അധികൃതര്‍ കഴിഞ്ഞ 15 ന് രാമചന്ദ്രനില്ലാതിരുന്ന തക്കം നോക്കി വീടും ഗേറ്റും പൂട്ടി സീല്‍ വച്ചു. 'എന്തിനും ഏതിനും ബാങ്ക് ലോണ്‍ എടുക്കുന്നവര്‍ക്ക് എന്റെ ജീവിതം ഒരു പാഠമാണ്. സര്‍ഫാസിയുടെ ചതിക്കുഴിയില്‍ ഇനിയാരും പെടാതിരിക്കട്ടെ. അഞ്ചുദിവസം മുമ്പ് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി സീല്‍ ചെയ്തു. ഇനി കടത്തിണ്ണയാണ് ശരണം.'  രാമചന്ദ്രന്റെ വാക്കുകളില്‍ കണ്ണീരുപ്പ് നിറയുന്നു. 

കാവലിന് സെക്യൂരിറ്റിയെ നിറുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ വ്യവസായിക്ക് സഹായം ചെയ്യണം, നടപടിയെടുക്കരുതെന്ന് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതവഗണിച്ചായിരുന്നു ജപ്തി. ഉടുതുണിക്ക് മറുതുണിയില്ലാതെ വീടിന് പുറത്ത് കഴിയേണ്ട ഗതികേടിലാണ് രാമചന്ദ്രന്‍. ബാങ്ക് നിയമപ്രകാരമുള്ള നടപടിയാണെടുത്തതെന്നും രാമചന്ദ്രന് സബ്‌സിഡി നല്‍കരുതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ബാങ്കിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും എസ്.ബി.ഐ ബാങ്ക് അധികൃതര്‍ പറഞ്ഞു. അദ്ധ്യാപികയായ ഭാര്യ ജിഷ ബാംഗ്‌ളൂരാണ്. ഏക മകന്‍ വിവേക് കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗിന് പഠിക്കുന്നു. 

സര്‍ഫാസി നിയമം 

സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട് (SARFAESI ACT) എന്ന 2002 ലെ കേന്ദ്രനിയമപ്രകാരം കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹകരണം ആവശ്യമില്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് ഈടുവസ്തു ജപ്തി ചെയ്യാം. ഒരു ലക്ഷം രൂപയോ മൂന്നു ഗഡ് തിരിച്ചടവോ കുടിശ്ശികയാകുന്നവര്‍ക്ക് നേരെ വായ്പാ കാലവധി പരിഗണിക്കാതെ നടപടിയെടുക്കാം. കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കനാലിൽ പെട്ടന്നുണ്ടായത് വമ്പൻ ഗർത്തം, കുഴിയിലേക്ക് വീണ് ബോട്ടുകൾ, ചെളിയിൽ കുടുങ്ങി ആളുകൾ, അടിയന്തരാവസ്ഥ
ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്