
പനാജി: ബ്രിട്ടീഷ് പെൺകുട്ടി ഗോവയിലെ ബീച്ചിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ രണ്ട് പ്രതികളെയും ഗോവ കോടതി വെറുതെ വിട്ടു. പ്രമാദമായ സ്കർലെറ്റ് കീലിംഗ് വധക്കേസിലാണ് ഗോവക്കാരായ പ്രതികളെ തെളിവില്ലെന്ന് വ്യക്തമാക്കി കോടതി വെറുതെ വിട്ടത്. വിധി ഞെട്ടലുണ്ടാക്കിയെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സ്കാർലെറ്റിന്‍റെ അമ്മ പറഞ്ഞു
2008 ഫെബ്രുവരി 19നാണ് 15കാരിയായ ബ്രിട്ടീഷ് പെൺകുട്ടി സ്കാർലെറ്റ് കീലിംഗിനെ ഗോവയിലെ അഞ്ജുന ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മയക്കുമരുന്നുകൾ നൽകി സ്കാർലെറ്റിനെ അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കേസിൽ സാംസൺ ഡിസൂസ, പ്ലാസിഡോ കാർവാലോ എന്നീ പ്രതികളെ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വെറുതെ വിട്ടത്.
സ്കാർലെറ്റിന്‍റെ വയറ്റിൽ കണ്ടെത്തിയ മൂന്ന് തരം മയക്കുമരുന്നുകൾ പ്രതികൾ നൽകിയതാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി വന്ദന ടെണ്ടുൽക്കർ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ പ്രതികൾ അപമാനിക്കുന്നത് കണ്ടെന്ന് ആദ്യം മൊഴി നൽകിയ ബ്രിട്ടീഷുകാരനായ മൈക്കൽ മാന്യൺ പക്ഷേ കോടതിയിൽ മൊഴി നൽകാനെത്താതിരുന്നതും തിരിച്ചടിയായി. ബ്രിട്ടണിലേക്ക് തിരിച്ചുപോകാൻ വിലക്കുണ്ടായിരുന്നതിനാൽ സംഭവം നടന്നതിന് പിന്നാലെ രോഗിയായ അച്ഛനെ പരിചരിക്കാൻ മാന്യണ് നാട്ടിലെത്താൻ സാധിച്ചിരുന്നില്ല. ഇതുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടാണ് പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം സാക്ഷി പറയാൻ കോടതിയിലെത്താത്തതിന് കാരണമായത്.
വിധികേട്ട് സന്തോഷം പ്രകടിപ്പിച്ചാണ് പ്രതികളും സുഹൃത്തുക്കളും കോടതിയിൽ നിന്ന് മടങ്ങിയത്. ഇതേസമയം എട്ട് വർഷമായി നിയമപോരാട്ടം തുടരുന്ന സ്കാർലെറ്റിന്‍റെ അമ്മ ഫിയോണ മക്കിവോൺ കോടതിയിൽ വിങ്ങിപ്പൊട്ടി. വിധി ഞെട്ടലുണ്ടാക്കിയെന്നും അപ്പീൽ നൽകുമെന്നും ഫിയോണ പറഞ്ഞു.
സിബിഐയുടെ കേസന്വേഷണത്തിൽ പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിചാരണയിൽ വന്ന കാലതാമസമാണ് സാക്ഷി പറയാൻ പോലും ആളെത്താത്ത സാഹചര്യമുണ്ടാക്കിയതെന്നും അവർ പറഞ്ഞു. സംഭവം അപകടമാണെന്നായിരുന്നു കേസ് ആദ്യം അന്വേഷിച്ച ഗോവ പൊലീസിന്‍റെ കണ്ടെത്തൽ. പിന്നീട് സ്കാർലെറ്റിന്‍റെ അമ്മയുടെ നിരന്തര നിയമപോരാട്ടത്തെ തുടർന്ന് രണ്ടാമതും പോസ്റ്റ് മോർട്ടം നടത്തുകയും കേസ് സിബിഐക്ക് വിടുകയുമായിരുന്നു. രണ്ടാമതും പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ബലാത്സംഗം നടന്നെന്ന് വ്യക്തമായത്. ശരീരത്തിൽ 50മുറിവുകളുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam