വൈദികന്‍ ബലാല്‍സംഗം ചെയ്ത കേസ്: തെളിവുനശിപ്പിക്കാന്‍ കൂടുതല്‍ കന്യസ്ത്രികള്‍ കൂട്ടുനിന്നതായി സൂചന

By Web DeskFirst Published Mar 6, 2017, 12:51 AM IST
Highlights

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ ബലാല്‍സംഗം ചെയ്ത കേസില്‍ തെളിവുനശിപ്പിക്കാന്‍ കൂടുതല്‍ കന്യാസ്ത്രീകള്‍ കൂട്ടുനിന്നതായി സൂചന. സിസ്റ്റര്‍ ലിസ്മരിയയും അനീറ്റയും വൈത്തിരിയിലേക്ക് നവജാതശിശുവിനെ കൊണ്ടുപോയത് മറ്റാരുടെയോ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് പൊലീസ് നിഗമനം. ഇതും വിദേശത്തേയ്‍ക്കു കടക്കാന്‍ ടിക്കറ്റെടുത്തതിന്‍റെ കൂടുതല്‍  വിവരങ്ങളുമൊക്കെയറിയാല്‍  റോബിനെ ഇന്നു കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും.
 
നിലവില്‍ എട്ടുപേരെയാണ് അന്വേഷണസംഘം പ്രതിചേര്‍ത്തിരിക്കുന്നത്. ഫാദര്‍ തോമസ് തേരകത്തിനും സിസ്റ്റര്‍ ബെറ്റിക്കും സിഡബ്യുസി പദവിയുള്ളതിനാല്‍ പ്രത്യേക അധികാരങ്ങളുണ്ട്. അതുമാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയാല്‍ ഉടന്‍ തന്നെ ഇവര്‍ പ്രതിപട്ടികയിലെത്തും. ഇരക്കുവേണ്ടി നില്‍ക്കേണ്ടവര്‍ തന്നെ നീതി നിക്ഷേധിച്ചതിനാല്‍ ഗുരുതരകുറ്റം ഇവര്‍ക്കെതിരെ ചുമത്താനാണ സാധ്യത. ക്രിസ്തുരാജ ആശുപത്രിയില്‍ നിന്നു നവജാതശിശുവിനെ വയനാട്ടിലെത്തിച്ചത്  സിസ്റ്റര്‍ അനീറ്റയും മാതൃവേതി പ്രവര്‍ത്തക തങ്കമ്മയുമാണ്. ഇവര്‍ ഇതിനു തയാറായത് മറ്റാരുടെയോക്കെയോ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്നാണ് പൊലീസിന്‍റെ നിഗമനം. മഠത്തില്‍ നിന്നു രാത്രി പുറത്തിറങ്ങാന്‍ മദര്‍ സുപ്പിരിയറുടെയും മേല്‍നോട്ടം വഹിക്കുന്ന പുരോഹിതന്‍റെയും അനുമതി ആവശ്യമാണ്. അതുകൊണ്ടുതന്നെ സിസ്റ്റര്‍ അനീറ്റയും ലിസ് മരിയയും നവജാതശിശുവുമായി വൈത്തിരി ഹോളിഇന്‍ഫന്‍ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് പോയത് പലരും അറിഞ്ഞിരുന്നു. എന്നിട്ടും തടയാതിരുന്നത് മേലധികാരികളുടെ സമ്മര്‍ദ്ദം മൂലമാണെന്ന സംശയവും പൊലിസിനുണ്ട്. തങ്കമ്മ ലിസ്മരിയയുടെ അമ്മയാണ്. ഏതൊക്കെ തലത്തില്‍ ആരുടെയൊക്കെ ഇടപെടല്‍ നടന്നിട്ടുണെന്ന് മനസിലാക്കാന്‍ പൊലീസ് ഇന്ന് റോബിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. കനഡയ്‍ക്കു പോകാന്‍ സഹായിച്ചവരടക്കം മുഴുവന്‍ കാര്യങ്ങളും ചോദിച്ചറിയാനാണ് പൊലീസിന്‍റെ ലക്ഷ്യം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ ആളുകളും ഇപ്പോള്‍ ഒളിവിലാണ്. അവര്‍ക്കുവേണ്ടി പൊലീസ് തെരച്ചില്‍ തുടരുന്നുണ്ട്. വയനാട്ടിന്റെ വിവിധ മേഖലകളില്‍ പ്രത്യേക പോലീസ് സംഘം തന്നെ ഇതിനായി നിലയുറപ്പിച്ചുകഴിഞ്ഞു. എവിടെയൊളിച്ചാലും കോടതിയില്‍ കീഴടങ്ങും മുമ്പ് പിടികൂടുമെന്ന ഉറച്ചനിലപാടിലാണ് പൊലിസുള്ളത്. എന്നാല്‍ പോലിസ് അറസ്റ്റും തുടര്‍ന്നുണ്ടാകുന്ന ബഹളങ്ങളുമുണ്ടാക്കുന്ന നാണക്കേടില്‍ നിന്നും തലയൂരാന്‍ സഭയും കാര്യമായി ശ്രമിക്കുന്നുണ്ട്.

click me!