
ദില്ലി: 50, 20 നോട്ടുകള്‍ക്ക് പുറകെ പുതിയ നൂറു രൂപയുടേയും നോട്ടുകള്‍ പുറത്തിറക്കാനും ആര്‍ബിഐ തീരുമാനം. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ പുതിയ നോട്ടുകള്‍ ഇറക്കാനാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നത്. അതേസമയം നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാനുള്ള നീക്കം ഊര്‍ജ്ജിതമായി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം നാളെ ചേരും.
കഴിഞ്ഞ ദിവസമാണ് പുതിയ 50 രൂപയുടേയും 20 രൂപയുടേയും പുതിയ നോട്ടുകളിറക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. ഇതിന് തൊട്ടു പുറകെയാണ് പുതിയ നൂറു രൂപ നോട്ടുകളും പുറത്തിറക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയത്. നിലവിലെ നോട്ടുകള്‍ പിന്‍വലിക്കാതെ പുതിയ നോട്ടുകള്‍ ഇറക്കി ക്രമേണ നോട്ടുകള്‍ മാറ്റിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നാളെ യോഗം ചേരും. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ചട്ടങ്ങള്‍ മാറ്റിവച്ചുള്ള ചര്‍ച്ചയെന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തിന് പ്രതിപക്ഷം തയ്യാറാകുമെന്നാണ് സൂചന. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ നീക്കത്തിന് ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.
നോട്ട് അസാധുവാക്കല്‍ എംബസിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന ആരോപണവുമായി റഷ്യ രംഗത്തെത്തി. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പണം പിന്‍വലിക്കാന്‍ ഇളവു നല്‍കുന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് റഷ്യന്‍ സ്ഥാനപതി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനിരുന്ന കള്ളപ്പണത്തിന് വലിയ തിരിച്ചടിയാണ് നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ പറഞ്ഞു. നോട്ട് അസാധുവാക്കല്‍ സാമ്പത്തിക അടിയന്തരാവസ്ഥയാണെന്ന ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണത്തിന് മറുപടിയായാണ് അമിത്ഷായുടെ പ്രതികരണം. നോട്ടസാധുവാക്കലിന് ശേഷം ഏകദേശം 2000 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് വിവരങ്ങള്‍ വെളിപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. 400ലധികം കേസുകളില്‍ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുകയാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam