കൈകാലുകൾ കൂട്ടികെട്ടി തല്ലിച്ചതച്ച സംഭവം; പ്രതികരണവുമായി യുവാവ്

By Web DeskFirst Published Apr 3, 2018, 10:43 PM IST
Highlights
  • തന്നെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചതാണെന്ന് മര്‍ദ്ദനമേറ്റ യുവാവ് ഏഷ്യാനെറ്റ് ന്യുസിനോട്

കാസര്‍ഗോഡ്: സദാചാര ഗുണ്ടകള്‍ കാലുകള്‍ കൂട്ടിക്കെട്ടി വീടിനകത്തുവച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ആക്രമണം നേരിട്ട യുവാവ്. തന്നെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചതാണെന്ന് മര്‍ദ്ദനമേറ്റ യുവാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തെകുറിച്ച് അന്നുതന്നെ പൊലീസില്‍ പരാതി നല്കിയിരുന്നെന്നും ഒത്തുതീര്‍പ്പിലെത്തിയ ശേഷമാണ് ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതെന്നും യുവാവ്‌ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിലും സൈബര്‍ സെല്ലിനും ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്. എവിടെ വെച്ചാണ് യുവാവിന് മര്‍ദനമേറ്റതെന്ന് ആദ്യ ഘട്ടത്തില്‍ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസം 21 ന് ബദിയടുക്ക നാരംപാടി എന്ന സ്ഥലത്ത് വച്ചാണ് യുവാവിന് മര്‍ദ്ദനമേറ്റതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് പത്ത് ദിവസം മുന്‍പ് ഇയാളുടെ ഫോണിലേക്ക് മിസ് കോള്‍ വന്നിരുന്നു. തിരിച്ച് വിളിച്ചപ്പോള്‍ സ്ത്രീയാണ് ഫോണെടുത്തത്. പിന്നീട് ഇവര്‍ സൗഹൃദത്തിലായി. ഫോണില്‍ സംസാരം തുടര്‍ന്നപ്പോള്‍ എതിര്‍പ്പൊന്നും സ്ത്രീ പ്രകടിപ്പിച്ചിരുന്നില്ല. സംഭവദിവസം സ്ത്രീ ആവശ്യപ്പെട്ട പ്രകാരം വീട്ടിലെത്തിയപ്പോള്‍ വാതില്‍ തുറന്ന ഉടനെ മര്‍ദിക്കുകയായിരുന്നു.

അഞ്ച് പുരുഷന്മാരുടെയും രണ്ട് സ്ത്രീകളുടെയും നേതൃത്വത്തില്‍ കാലുകള്‍ കൂട്ടിക്കെട്ടി നാലുമണിക്കൂര്‍ നേരമാണ് മാരകമായി പരിക്കേല്‍പ്പിച്ചത്. ഇതെല്ലാം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. അന്നുതന്നെ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കില്ലെന്നും ഉറപ്പ് നല്‍കി. എന്നാല്‍ കേസ് പിന്‍വലിച്ചതോടെ ഇവ സാമൂഹ്യ മാധ്യമങ്ങളിലെത്തുകയായിരുന്നു - യുവാവ് പറയുന്നു.

താന്‍ ചതിക്കപ്പെടുകയായിരുന്നെന്നും തന്നെ കൊല്ലുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും യുവാവ് പറഞ്ഞു. മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ യുവാവിന്‍റെ ഒരു ചെവിയുടെ കേള്‍വി ശക്തി കുറഞ്ഞിട്ടുണ്ട്. നാലുമാസം മുന്‍പാണ് ഇയാള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. യുവാവിന്റെ വീടും സ്ത്രീയുടെ വീടും തമ്മില്‍ ഒരു കിലോമീറ്റര്‍ വ്യത്യാസമാണുള്ളത്.  

click me!