തിരുവനന്തപുരത്ത് നിന്ന് കാണാതായ പെണ്‍കുട്ടി ഐ എസില്‍?

By Web DeskFirst Published Jul 8, 2016, 1:01 PM IST
Highlights

മകള്‍ ഐ എസില്‍ ചേര്‍ന്നതായി സംശയവുമായി തിരുവനന്തപുരത്തുനിന്നുള്ള വീട്ടമ്മ രംഗത്ത്. ബി ഡി എസ് വിദ്യാര്‍ത്ഥിനിയായ മകള്‍ ഫാത്തിമ നിമിഷയെയും ഭര്‍ത്താവിനെയുമാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ഐ എസ് ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് ഫാത്തിമയുടെ ബന്ധുക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാസര്‍കോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. ഇവിടെ നിന്നാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ടയാളുമൊത്ത് നിമിഷ പോയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ക്രിസ്‌ത്യന്‍ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ലീം മതം സ്വീകരിക്കുകയായിരുന്നു. കോളേജില്‍ പഠിക്കുന്ന സമയത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉള്‍പ്പടെയുള്ള തീവ്രസംഘടനകളുടെ യുദ്ധ വീഡീയോകള്‍ കാണുന്നതില്‍ ഏറെ ഇഷ്‌ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു നിമിഷ ഫാത്തിമയെന്ന് സഹപാഠികള്‍ പറയുന്നത്. കുട്ടിയെ കാണാതായ സമയത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ നിമിഷ ഫാത്തിമ ബുര്‍ഖ ധരിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്ന് അമ്മ ബിന്ദു പറയുന്നു.

ഭര്‍ത്താവായ യുവാവ് തീവ്ര മുജാഹിദ് നിലപാടുള്ള ആളാണെന്ന് വ്യക്തമായിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകാന‍് താല്‍പര്യം പറഞ്ഞപ്പോള്‍ കോടതി അത് അംഗീകരിക്കുകയുമായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നും പാലക്കാട്ട്, യുവാവിന്റെ രണ്ടാനമ്മയുടെ ഒപ്പമാണ് താമസമെന്നും വ്യക്തമായിരുന്നു. ഈ യുവാവിന്റെ സഹോദരനും മതംമാറിയതായി വ്യക്തമായതായി പെണ്‍കുട്ടിയുടെ അമ്മ ബിന്ദു പറയുന്നു. ബെക്‌സന്‍ വിന്‍സെന്റ് എന്ന് പേരുള്ള യുവാവ് പിന്നീട് ഇസാ എന്ന പേര് സ്വീകരിക്കുകയായിരുന്നു. യുവാവിന്റെ സഹോദരന്‍ എറണാകുളത്ത് നിന്ന് അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും, പിന്നീട് മുസ്ലീം മതത്തിലേക്ക് മാറ്റുകയും ചെയ്‌തു. ഇക്കാര്യങ്ങളൊക്കെ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവരുടെ ഭാഗത്തുനിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും അമ്മ പറയുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയെ നേരില്‍ക്കണ്ടാണ് പരാതി പറഞ്ഞതെന്നും ബിന്ദു വ്യക്തമാക്കി.

ഈ യുവാവ് സ്വന്തം പേരിലുള്ള ഒന്നരക്കോടിയുടെ സ്വത്ത് രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റിയ വിവരവും പൊലീസില്‍ അറിയിച്ചെങ്കിലും കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ലെന്ന് അമ്മ പറയുന്നു. ജൂണ്‍ വരെ പെണ്‍കുട്ടിയുമായി അമ്മ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. ഒടുവില്‍ സംസാരിച്ചപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് യുവതി നല്‍കിയതെന്നും അമ്മ പറയുന്നു. ഒടുവില്‍ ലഭിച്ച വോയിസ് സന്ദേശത്തില്‍ ഇന്ത്യന്‍ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്നും മകള്‍ പറഞ്ഞു. പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടിരുന്നെങ്കില്‍ തന്റെ മകള്‍ ഒരു രാജ്യദ്രോഹി എന്ന നിലയില്‍ മുദ്രകുത്തപ്പെടില്ലായിരുന്നുവെന്നും ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞദിവസം കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്ന് പതിനഞ്ചോളം പേര്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫാത്തിമ നിമിഷയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിമിഷയും ഭര്‍ത്താവും, ഐ എസില്‍ ചേര്‍ന്നതായാണ് നിമിഷയുടെ അമ്മ ബിന്ദു ഉള്‍പ്പടെയുള്ളവര്‍ സംശയിക്കുന്നത്.

click me!