തൂത്തുക്കുടിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു; മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ

By Web DeskFirst Published May 27, 2018, 10:19 PM IST
Highlights

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായം 10 ലക്ഷത്തില്‍ നിന്ന് സർക്കാർ 20 ലക്ഷമാക്കി ഉയർത്തി


തൂത്തുക്കുടി: പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന നിലപാടിലുറച്ച് ബന്ധുക്കൾ. സ്റ്റെർലൈറ്റ് പ്ലാൻറ് അടച്ചുപൂട്ടിയെന്ന് സർക്കാർ രേഖാമൂലം ഉറപ്പ് നല്‍കിയാലേ മൃതദേഹം സ്വീകരിക്കൂ എന്നാണ് നിലപാട്. ഈ മാസം 30 വരെ മൃതദേഹം സൂക്ഷിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. 

അതിനിടെ, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ധനസഹായം 10 ലക്ഷത്തില്‍ നിന്ന് സർക്കാർ 20 ലക്ഷമാക്കി ഉയർത്തി. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും. ഉപമുഖ്യമന്ത്രി ഒ.പനീർശെല്‍വം ഇന്ന് തൂത്തുക്കുടിയിലെത്തും. ഇന്ന് മന്ത്രി കടമ്പൂർ രാജു തൂത്തുക്കുടി സന്ദർശിച്ചിരുന്നു. സമരക്കാർക്കിടയിലേക്ക് സാമൂഹ്യദ്രോഹികള്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. തൂത്തുക്കുടി ശാന്തമായതിനാൽ നിരോധനാജ്ഞ പിൻവലിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഘട്ടം ഘട്ടമായി മാത്രമേ പൊലീസിനെ പിൻവലിക്കൂ.

click me!