
മലയാളത്തിലെ എക്കാലത്തെയും മികച്ച പത്ത് നോവലിസ്റ്റുകളെ തിരഞ്ഞാൽ അതിൽ നിന്ന് മാറ്റിനിർത്താൻ ആകാത്ത പേരാണ് പുനത്തിൽ കുഞ്ഞബ്ദുള്ളയുടേത്. 1940 ഏപ്രിലില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പേരില്‍ കുഞ്ഞബ്ദുള്ളയാണെങ്കിലും അദ്ദേഹം സാഹിത്യരംഗത്തെ വല്യഅബ്ദുള്ള തന്നെയായിരുന്നു. അതിന്റ തെളിവായിരുന്നു മുപ്പത്തി ആറാം വയസില്‍ എഴുതിയ സ്മാരകശിലകളെന്ന പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ മാസ്റ്റര്‍പീസ്.
മലബാറിലെ മുസ്ലീം സമുദായത്തിന്റെ ഇന്നലെകളിലെ ഖബറിൽ നിന്ന് ഊർന്നിറങ്ങിയ നെയ്യായിരുന്നു ആ നോവൽ. നോവായി , അദ്ഭുതമായി എന്തിനൊടൊക്കെയോ ഉള്ള അമർഷമായി ആ വലിയ ശില വായനക്കാരുടെ ഉള്ളിൽ നിറഞ്ഞു നിന്നു. സ്മാരകശിലകളിലൂടെ അബ്ദുള്ളയെ തേടി കേന്ദ്രകേരള സാഹിത്യ ആക്കാദമി അവാർഡുകളുമെത്തി. മലയാള സാഹിത്യരംഗത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് ഇടം ഉറപ്പിച്ച നോവല്‍ കൂടിയായിരുന്നു സ്മാരകശിലകൾ.
കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ച കുഞ്ഞബ്ദുള്ളക്ക് ചെറുപ്പം മുതലേ സാഹിത്യത്തിൽ വല്ലാത്ത അഭിനിവേശമായിരുന്നു. ഡിഗ്രിക്ക് ശേഷം എംഎ മലയാളം പഠിക്കാൻ തീരുമാനിച്ചുറപ്പിച്ച അബ്ദുള്ളയെ എംബിബിഎസിന് ചേരാൻ നിർബന്ധിച്ചത് മലയാളം അധ്യാപകനായിരുന്ന എംഎൻ വിജയനായിരുന്നു. അങ്ങനെ അബ്ദുള്ള അലിഗഡിലെത്തുന്നത്. അലിഗഡിലെ തടവുകാരനടക്കമുള്ള കഥകൾ ജനിക്കുന്നത് അവിടെ നിന്നാണ്. എംഎൻ വിജയന് ശേഷം അബ്ദുള്ളയിലെ എഴുത്തുകാരനെ ഏറെ പ്രോത്സാഹിപ്പിച്ചത് എംടിയായിരുന്നു. ആ പ്രോത്സാഹനത്തിൽ മലയാളത്തിന് പ്രിയപ്പെട്ടൊരു സാഹിത്യ ഭിഷഗ്വരനെ കിട്ടിയത്.
നോവലുകൾ, കഥകൾ, യാത്രാവിവരണങ്ങൾ , ആത്മകഥ എന്നിങ്ങനെ പല സാഹിത്യ വിഭാഗങ്ങളിൽ 75 വയസിനിടെ 40 ലധികം പുസ്തകങ്ങൾ കുഞ്ഞബ്ദുള്ള എഴുതി. പിന്നെ ഇടയ്ക്ക് ഒരൽപ്പം രാഷ്ട്രീയം അതിനെ തുടര്‍ന്ന് കുറേ വിവാദങ്ങളും. നിഷ്കളങ്കമായി സത്യങ്ങൾ വിളിച്ചു പറയുന്നൊരു മനുഷ്യനായിരുന്നു പുനത്തില്‍. ആ വിളിച്ചു പറയലുകളില്‍ ആരാധനയും പ്രണയവും, കാമവും ഒക്കെ ഉണ്ടായിരുന്നു. ഉറൂബ്, എസ് കെ പൊറ്റക്കാട് , ഒ വി വിജയൻ, പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി,, മുകുന്ദൻ , സക്കറിയ തുടങ്ങി എഴുത്തുകാരെക്കുറിച്ച് ഇത്രത്തോളം ആരാധനയോടെ സംസാരിച്ചിരുന്നൊരെഴുത്തുകാരൻ മലയാളത്തിൽ വേറെ ഉണ്ടായിരുന്നോ എന്നതും സംശയമുള്ള കാര്യമാണ്.
കുഞ്ഞബ്ദുള്ളയുടെ ഏതാണ്ടെല്ലാ ഉത്തരങ്ങളും ശിശു സഹജമായ നിഷ്കളങ്ക ചിരികളിലാണ് അവസാനിച്ചിരുന്നത്, സ്വയം മറന്നുള്ള അതിമനോഹരമായ ചിരിയില്‍. ചുരുട്ടിപ്പിടിച്ച കൈയിൽ പേനയുമായി പിറന്ന് വീണവൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന കഥാകാരനെയാണ് കേരളത്തിന് നഷ്ടമാകുന്നത് .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam