പോപ്പുലര്‍ ഫ്രണ്ടിനെതിരായ വെളിപ്പെടുത്തല്‍ നിഷേധിച്ച് തേജസ് ഗള്‍ഫ് എഡിറ്റര്‍

By Web DeskFirst Published Nov 1, 2017, 10:06 PM IST
Highlights

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇന്ത്യാ ടുഡെ ചാനല്‍ സ്റ്റിംഗ്‌ ഓപറേഷനിലൂടെ പുറത്തുവിട്ട വാര്‍ത്തകള്‍ നിഷേധിച്ച് തേജസ് ദിനപത്രം ഗള്‍ഫ് എഡിറ്റര്‍ പി അഹമ്മദ് ഷരീഫ്. സംഘടിതമായി മതപരിവര്‍ത്തനം നടത്താറുണ്ടെന്നും വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നും ഒളിക്യാമറയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സമ്മതിച്ചതായാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്‍. പോപ്പുലര്‍ ഫ്രണ്ടിന്‍റെ വനിതാ വിഭാഗമായ വിമണ്‍സ് ഫ്രണ്ട് അധ്യക്ഷ എ.എസ് സൈനബ, പോപ്പുലര്‍ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരെ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത‍.

സംഘടനയുടെ അന്തിമലക്ഷ്യം രാജ്യത്തും മറ്റ് സ്ഥലങ്ങളിലും ഇസ്ലാമിക് രാജ്യം സ്ഥാപിക്കുകയാണെന്ന് ഒളിക്യാമറയില്‍ നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യാ ടുഡെ സ്റ്റിംഗ്‌ ഓപറേഷനിലൂടെ പുറത്തുവിട്ട കാര്യങ്ങളെ മാധ്യമ ചരിത്രത്തിലെ കറുത്ത അധ്യായമെന്നാണ് പി അഹമ്മദ് ഷരീഫ് വിശേഷിപ്പിച്ചത്. വാര്‍ത്തയ്ക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അദേഹം വ്യക്തമാക്കി‌. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വെളിപ്പെടുത്തല്‍ ഇന്റലിജന്‍സ് എഡിജിപിയോട് പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഇന്ത്യാ ടുഡെയില്‍ നിന്നെന്ന് അവകാശപെട്ട് ഒരാളും തന്നെ കണ്ടിട്ടില്ല. ഒരു ഡല്‍ഹി ജേര്‍ണലിസ്റ്റ്‌‌ സുഹൃത്തിനോട് ഒന്നര മാസം മുമ്പ് ഹോട്ടലില്‍ വെച്ച് നാട്ടിലെ പല കാര്യങ്ങളും സംസാരിക്കുകയുണ്ടായി. എന്നാല്‍ ഇത്‌ പരിചയക്കാരനായ പത്രസുഹൃത്ത്‌ രഹസ്യമായി റിക്കാര്‍ഡ്‌ ചെയ്തെന്നും ഇതുപയോഗിച്ച് കെട്ടുകഥകള്‍ സൃഷ്ടിച്ചെന്നുമാണ് പി അഹമ്മദ് ഷരീഫിന്‍റെ വാദം. ഹാദിയയുടെ വിഷയത്തില്‍ സുപ്രീം കോടതി നിര്‍ണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് വീഡിയോ ക്ലിപ്പ് ഇന്ത്യാ ടുഡെ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. 

സംസാരത്തിനിടയില്‍ അറബിക്കല്യാണം, മുത്തലാക്ക്‌, സ്ത്രീ വിദ്യാഭ്യാസം, പര്‍ദ്ദ, കള്ളപണം , ഹവാല തുടങ്ങി പലതും വന്നിരുന്നു. ഒരിക്കലും ഇസ്ലാമിക്‌ സ്റ്റേറ്റിനായി നാവോ പേനയൊ ചലിപ്പിക്കുകയും പോപുലര്‍ ഫ്രണ്ടിനായി പണം പിരിച്ചിക്കുകയും അയക്കുകയും ചെയ്തിട്ടില്ല. അതേസമയം ഒളിക്യാമറാ ഓപ്പറേഷന്റെ മുഴുവന്‍ വീഡിയോയും എന്‍.ഐ.എ ആവശ്യപ്പെട്ടെന്ന് ഇന്ത്യാ ടുഡേ അവകാശപ്പെട്ടിരുന്നു. 
 

click me!