ജലനിരപ്പ് കുറഞ്ഞു; തേക്കടിയിലെ ബോട്ടിങിന് നിയന്ത്രണം

By Web DeskFirst Published Jan 21, 2017, 2:04 AM IST
Highlights

വിനോദ സഞ്ചാരികള്‍ക്കായി വനംവകുപ്പും കെ.റ്റി.ഡി.സിയുമാണ് തേക്കടിയില്‍ ബോട്ടിംഗ് നടത്തുന്നത്. ഇരു വിഭാഗത്തിന്‍റെയും രണ്ടു ബോട്ടുകള്‍ വീതമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. കെ.റ്റി.ഡി.സിയുടെ ജലരാജ എന്ന ബോട്ടില്‍ 126 പേര്‍ക്ക് യാത്ര ചെയ്യാം. വനം വകുപ്പിന്‍റെ ഇരുനില ബോട്ടുകളില്‍ 60 പേര്‍ക്കു വീതം സഞ്ചരിക്കാം.  വേനല്‍ രൂക്ഷമായതോടെ തടാകത്തിലെ ജലനിരപ്പ് 110 അടിക്ക് താഴെയാണ്. ഇതോടെ തടാകത്തില്‍ പലഭാഗത്തും മരക്കുറ്റികളും മണ്‍ തിട്ടകളും അപകട ഭീഷണി ഉയര്‍ത്തിത്തുടങ്ങി.  സഞ്ചാരികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ജലരാജ ഓടിക്കേണ്ടെന്ന് തീരുമാനിച്ചത്.  കെ.റ്റി.ഡി.സിക്ക് ഒരു ചെറിയ ബോട്ടു മാത്രമാണ് ഇപ്പോഴുള്ളത്. ഒപ്പം വനംവകുപ്പിന്‍റെ ബോട്ടിലെ യാത്രക്കാരുടെ എണ്ണം 60 ല്‍ നിന്നും 45 ആക്കി കുറച്ചു.  ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ വനംവകുപ്പിന്‍റെ ബോട്ടുകളും സര്‍വ്വീസ് നിര്‍ത്തി വയ്‌ക്കേണ്ടി വരും.വനംവകുപ്പിന്‍റെ വലിയ ബോട്ടുകളിലൊന്ന് അറ്റകുറ്റപ്പണിക്കായി കരയിലാണ്.  പകരം രണ്ടു ചെറിയ ബോട്ടുകള്‍ ഓടുന്നുണ്ട്.  ഇത്തവണ അവധിക്കാലത്ത് തേക്കടിയില്‍ എത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും ബോട്ടിംഗില്ലാതെ നിരാശരായി മടങ്ങേണ്ടി വരും. 

click me!