
ദളിത് വിദ്യാർഥികൾ കടൽ കടന്ന് ഉന്നത പഠനത്തിന് പോകരുതെന്ന് സർക്കാറിനും ചില ഉദ്യോഗസ്ഥർക്കും വാശിയുണ്ടോ? പോർച്ചുഗലിലെ കോയംബ്ര സർവകലാശാലയിൽ ഉന്നത പഠനത്തിനായി ചേർന്ന റിമ രാജൻ ഒന്നര വർഷമായി സംസ്ഥാന സർക്കാറിൻ്റെ പട്ടികജാതി വികസന വകുപ്പിൽ നിന്ന് നേരിടുന്ന അനുഭവങ്ങൾ കേട്ടാൽ ആരും ഇത് ചോദിച്ചുപോകും.
ബിനേഷ് ബാലൻ, നിധിഷ് സി സുന്ദർ എന്നീ ആദിവാസി ദളിത് വിദ്യാർത്ഥികൾ സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നും നേരിട്ട അതേ അവഗണനയും പരിഹാസവുമാണ് തൃശൂർ കൊടകര സ്വദേശിയും പോർച്ചുഗലിലെ പ്രശസ്തമായ കോയംബ്ര സർവകലാശാലയിലെ എംഎസ്സി ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാഥിയുമായ റിമ രാജനും ഒന്നര വർഷമായി നേരിടുന്നത്. സർക്കാർ സഹായം ലഭിച്ചിക്കാതെ വന്നതോടെ റിമയുടെ പഠനം മുടങ്ങുന്ന അവസ്ഥയാണിപ്പോൾ. ഒപ്പം കാത്തിരിക്കുന്നത് വൻ കടബാധ്യതയും.മകളുടെ പഠനത്തിന് ധനസഹായം തേടി കൂലിപണിക്കാരനായ അച്ഛൻ വി.സി രാജൻ മുട്ടാത്ത വാതിലുകളില്ല. റിമയുടെ കാര്യത്തിൽ മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന് കേരള പട്ടികജാതി, വർഗ കമീഷൻ ഉത്തരവിട്ടിട്ട് ഒമ്പത് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല.
2015 നവംബറിൽ ആണ് റിമക്ക് കോയംബ്ര സർവകലാശാലയിൽ പ്രവേശനം കിട്ടുന്നത്. സർക്കാറിൽ നിന്നും ധനസഹായം ലഭിക്കുമെന്ന് പറഞ്ഞിരുന്നതിനാല്‍ ബാങ്ക് വായ്പ എടുത്ത പണം ഉപയോഗിച്ചാണ് ആദ്യഘട്ടത്തിലെ ഫീസും യാത്ര ചെലവും എല്ലാം വഹിച്ചത്. 2016 ഫെബ്രുവരിയിൽ സ്‌കോളർഷിപ്പിനായി പട്ടിക സർക്കാരിൽ അപേക്ഷ നൽകി. സർവകലാശാല അധികാരികളിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) വാങ്ങി നൽകണമെന്നു പറഞ്ഞപ്പോൾ അതും ചെയ്തു. പണം അനുവദിക്കാം എന്ന് ഉറപ്പും കിട്ടി. കോഴ്സിൻ്റെ നാല് സെമസ്റ്ററുകൾക്കും കൂടി പതിനായിരം യൂറോ ആണ് ഫീസായി വേണ്ടത്. സർക്കാറിൽ നിന്നും 15 ലക്ഷം രൂപക്കാണ് അപേക്ഷിച്ചിരുന്നത്. സെപ്റ്റംബര്‍ ആദ്യ ആഴ്ച നാല് ലക്ഷം രൂപ ഫീസ് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ അടുത്ത 2018 സെപ്റ്റംബർ വരെ കാത്തിരിക്കണം. അങ്ങനെയാകുമ്പോൾ ഒരു വര്‍ഷം നഷ്ടമാകും. അതോടെ തിസീസും റിസര്‍ച്ച് വര്‍ക്കുകളും നിരസിക്കും. പിഎച്ച്ഡി അപേക്ഷയും നിരസിക്കും. വീസ പ്രശ്നങ്ങളുമുണ്ടാകും. സുഹൃത്തുക്കളുടെയും സഹപാഠികളുടെയും സാമ്പത്തിക സഹായത്തിലാണ് ഇപ്പോൾ റിമ. കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഒരച്ഛൻ്റെ സ്വപ്നങ്ങൾ കൂടിയാണ് സർക്കാറിൻ്റെ ചുവപ്പുനാടയിൽ കുരുങ്ങികിടക്കുന്നത്.
ഉറപ്പിൽ കവിഞ്ഞ് സർക്കാറിൽ നിന്ന് അനുകൂല നിലപാടുണ്ടായില്ലെന്ന് റിമ രാജൻ പറഞ്ഞു. ഓരോ തവണ അന്വേഷിക്കുമ്പോഴും ഓരോരോ രേഖകൾ ആവശ്യപ്പെടും. അതെല്ലാം നൽകുകയും ചെയ്തുവെന്നും റിമ പറയുന്നു. ഒമ്പതു മാസങ്ങൾക്കുശേഷം പണം അനുവദിക്കപ്പെട്ടിരിക്കുന്നു എന്ന അറിയിപ്പ് ലഭിച്ചു. എന്നാൽ അറിയിപ്പിൽ കവിഞ്ഞ് പിന്നീട് വിവരങ്ങൾ ഒന്നുമില്ലെന്നും റിമ കൂട്ടിച്ചേർത്തു. പിന്നീട് എത്തിയത് സ്കോളർഷിപ്പ് അനുവദിക്കാൻ കഴിയില്ല എന്ന അറിയിപ്പ് മാത്രമാണ്. കാരണം അന്വേഷിച്ചപ്പോൾ അതുമാത്രം പറയുന്നില്ല.
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്തപ്പോൾ കിട്ടിയ മറുപടി റിമയെ അമ്പരപ്പിച്ചു. മെറിറ്റ് ഇല്ല എന്ന മറുപടിയാണ് റിമക്ക് ലഭിച്ചത്.തുടർന്ന് റിമയുടെ അച്ഛൻ വി.സി രാജൻ പട്ടികജാതി, വർഗ കമീഷനെ സമീപിച്ചു. പരാതിയിൽ കമ്മിഷന്‍ സർക്കാറിന് നോട്ടീസ് അയച്ചു. ആദ്യ തവണ ആരും തന്നെ സര്‍ക്കാറിൻ്റെ ഭാഗത്തു നിന്നും ഹാജരായില്ല. രണ്ടാം തവണ സെക്രട്ടേറിയേറ്റിലെ എസ്.സി/എസ്ടി സെക്ഷനിലെ അണ്ടര്‍ സെക്രട്ടറി ബി തങ്കമണി ഹാജരായി. കമ്മിഷന്‍ പി.എൻ വിജയകുമാര്‍ പരാതി പരിശോധിച്ചശേഷം അണ്ടര്‍ സെക്രട്ടറിയോട് ചോദിച്ചത് റിമ സ്‌കോളര്‍ഷിപ്പിന് യോഗ്യയാണല്ലോ പിന്നെ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നായിരുന്നു. ഈ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫണ്ട് കൊടുക്കാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ കൊടുക്കാറുണ്ടെന്ന് അണ്ടർ സെക്രട്ടറി പറയുകയും ചെയ്തു.
എന്നാൽ ഫയല്‍ പരിശോധിച്ചപ്പോള്‍ സ്‌കോളര്‍ഷിപ്പിന് എലിജിബിള്‍ അല്ലെന്നു കണ്ടെത്തിയതായി പറഞ്ഞു. എന്നാല്‍ കമ്മിഷന്‍ റിമ സ്‌കോളര്‍ഷിപ്പിന് എലിജിബിള്‍ ആണെന്നും എത്രയും വേഗം ഫയലിൻ്റെ കാര്യത്തില്‍ തീര്‍പ്പ് ഉണ്ടാക്കണമെന്നു കാണിച്ച് ഉത്തരവിടുകയായിരുന്നു. ഇൗ ഉത്തരവ് നൽകിയത് കഴിഞ്ഞ നവംബർ ഒന്നിനാണ്. ഒമ്പത് മാസം പിന്നിട്ടിട്ടും ഇൗ ദളിത് പെൺകുട്ടിയും കുടുംബവും അർഹതപ്പെട്ട ആനുകൂല്യത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെയും സർക്കാർ സഹായത്തിൽ തീരുമാനമായിട്ടില്ല. റിമ ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രശ്നം ശ്രദ്ധയിൽപെടുത്താൻ പട്ടികജാതി, വർഗ വകുപ്പ് മന്ത്രി എ.കെ ബാലനെ റിമ ഫോണിൽ വിളിച്ചിരുന്നു. പേരും ഫയൽ നമ്പറും കുറിച്ചെടുക്കാൻ സ്റ്റാഫിനോട് പറഞ്ഞതല്ലാതെ നടപടികൾ ഒന്നുമുണ്ടായില്ലെന്നാണ് റിമ പറയുന്നത്. വിദേശത്ത് നിന്ന് ഒരു പ്രശ്നം വിളിച്ചുപറഞ്ഞ പെൺകുട്ടിയുടെ ഫോൺ രണ്ട് മിനിറ്റ് കൊണ്ട് മന്ത്രി കട്ട് ചെയ്യുകയായിരുന്നുവെന്നും റിമ പറയുന്നു.
വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെ കാണാന്‍ പോയെങ്കിലും കഴിഞ്ഞില്ല. സെക്രട്ടറിയെയാണു കണ്ടത്. ഇങ്ങനെയൊരു കോഴ്‌സ് പഠിക്കേണ്ട ആവശ്യം എന്താണെന്നായിരുന്നു സെക്രട്ടറിക്ക് അറിയേണ്ടത്.മന്ത്രിയുടെ വാക്കുകേട്ട് അച്ഛന്‍ സെക്രട്ടേറിയേറ്റില്‍ ചെന്നെങ്കിലും സ്ഥിതിയിൽ മാറ്റമില്ല മന്ത്രിയുടെ അറിയിപ്പൊന്നും കിട്ടിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സ്കോളർഷിപ്പ് എനിക്ക് തരില്ലെന്നു തന്നെയാണ് ഉദ്യോഗസ്ഥരുടെ നിലപാടെന്നും റിമ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam