14 സെക്കന്റ് അല്ല, എങ്ങനെ നോക്കി എന്നതാണു പ്രധാനം: ഋഷിരാജ് സിങ്

By Asianet NewsFirst Published Aug 17, 2016, 6:17 AM IST
Highlights

തിരുവനന്തപുരം: 14 സെക്കന്റ് വിവാദത്തില്‍ വിശദീകരണവുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. എത്ര സമയം എന്നല്ല, സ്ത്രീയെ ഏതു രീതിയില്‍ നോക്കി എന്നതാണു പ്രധാനം എന്നാണു വിശദീകരണം. പ്രമുഖ ദിനപത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണു ഋഷിരാജ് സിംഗ് നിലപാട് വ്യക്തമാക്കുന്നത്.

14 സെക്കന്റി തുടര്‍ച്ചയായി സ്ത്രീയെ നോക്കിയാല്‍ കേസെടുക്കാമെന്നായിരുന്നു ഋഷിരാജ് സിങിന്റെ പ്രസ്താവന. 14 സെക്കന്‍ഡ് എന്ന പ്രയോഗത്തില്‍ തൂങ്ങിയായിരുന്നു വിമര്‍ശനമത്രയും. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു. പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍ കൂടി എത്തിയതോടെ രംഗം കൊഴുത്തു. 14 സെക്കന്റ് നോട്ടത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് ലേഖനത്തിലൂടെ മറുപടി നല്‍കുകയാണ് ഋഷിരാജ് സിംഗ്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചായിരുന്നു പ്രസംഗം. ലൈംഗിക ചുവയോടെ ഒരാള്‍ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ കേസെടുക്കാം. ഒരു നിമിഷത്തെ നോട്ടം പോലും കേസെടുക്കാന്‍ മതിയായ കാരണമാണ്. എത്ര സമയം നോക്കി എന്നല്ല, ഏത് രീതിയില്‍ നോക്കി എന്നതാണ് പ്രധാനം.

ഈ നിയമത്തെ കുറിച്ച് സ്ത്രീകളേയും പുരുഷന്മാരേയും ബോധവാന്മാരാക്കാനാണ് ഉദ്ദേശിച്ചതെന്നും  ലേഖനത്തില്‍ പറയുന്നുണ്ട്. നിയമത്തില്‍ 14 നിമിഷം എന്ന് കൃത്യമായി പറയുന്നില്ലെങ്കിലും, വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഈ പരാമര്‍ശമുണ്ടെന്നാണ് ഋഷിരാജ് സിംഗിന്റെ വാദം.

പ്രസംഗം വളച്ചൊടിച്ച് പരിഹസിക്കുന്നവരുടെ മനോഭാവത്തിലെ ആശങ്ക കൂടി വ്യക്തമാക്കിയാണ് ഋഷിരാജ് സിംഗ് ലേഖനം അവസാനിപ്പിക്കുന്നത്.

 

 

click me!