
ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ അണ്ണാ ഡിഎംകെ ശശികല പക്ഷം വ്യാപകമായി പണം വിതരണം ചെയ്തതിന്റെ രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെടുത്തു. ആരോഗ്യമന്ത്രി വിജയഭാസ്കറിന്റെയും അഞ്ച് എം എല്‍ എ മാരുടെയും വീടുകളില്‍ ഇന്നലെ നടത്തിയ റെയ്ഡിലാണ് രേഖകള്‍ പിടിച്ചെടുത്തത്. ഇതോടെ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ആവശ്യം ശക്തമായി.
വോട്ട് ഉറപ്പിക്കാനായി അണ്ണാ ഡിഎംകെ ശശികല പക്ഷം 89 കോടി രൂപ മണ്ഡലത്തില്‍ വിതരണം ചെയ്തെന്നാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത രേഖകള്‍ വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ ഓരോ പ്രദേശത്തെ വോട്ടര്‍മാര്‍ക്കും നല്‍കേണ്ട പണത്തിന്റെ വിശദാംശങ്ങളും ഇതിന്റെ ചുമതലയുള്ള നേതാക്കളുടെ പേരും രേഖകളില്‍ വിശദമാക്കുന്നു.മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ആരോഗ്യ മന്ത്രി വിജയഭാസ്കര്‍ എന്നിവരടക്കം ആറ് മന്ത്രിമാരുടെ പേരും രേഖകളിലുണ്ട്.
മണ്ഡലത്തില്‍ ശശികല പക്ഷം പണം നല്‍കി വോട്ടു വാങ്ങുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇത് ശരിവക്കുന്ന രേഖകള്‍ പിടിച്ചെടുത്തിരിക്കുന്നത്. റെയ്ഡിന്റെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പണം നല്‍കി വോട്ട് വാങ്ങുന്നുവെന്ന ആരോപണം സിബിഐ അന്വേഷിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. എന്നാല്‍ പുറത്തുവന്ന രേഖകള്‍ വ്യാജമാണെന്നാണ് ശശികല പക്ഷത്തിന്റെ വാദം. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam