ഐ എം എയുടെ വാഹനാപകട രക്ഷാ സംവിധാനം പ്രവര്‍ത്തനം തുടങ്ങി

By Web DeskFirst Published Jan 1, 2018, 8:39 PM IST
Highlights

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പോലീസ് വിഭാഗം എന്നിവ സംയുക്തമായി തിരുവനന്തപുരം നഗരത്തില്‍ ആവിഷ്‌ക്കരിച്ച റോഡ് ആക്‌സിഡന്റ് റെസ്‌ക്യൂ സംവിധാനം വിജയകരമായി പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമഗ്ര ട്രോമകെയര്‍ ശൃംഖലയുടെ പ്രാരംഭമായാണ് റോഡ് ആക്‌സിഡന്റ് റെസ്‌ക്യൂ സംവിധാനം.

നഗരപരിധിയിലുള്ള 10 ട്രോമകെയര്‍ ആശുപത്രികളെയും ആംബുലന്‍സുകളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഊബര്‍, ഓല പോലെയുള്ള ഓണ്‍ലൈന്‍ ടാക്‌സി സൗകര്യത്തിന് സമാനമായിരിക്കും ഇത്.
കഴക്കൂട്ടം മുതല്‍ കോവളം വരേയും വട്ടപ്പാറ മുതല്‍ പ്രാവച്ചമ്പലം വരേയും ഈ സംവിധാനം ഉപയോഗപ്പെടുത്താം. അപകടം നടന്നയുടന്‍ തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം നമ്പരായ 100 ല്‍ വിളിക്കാവുന്നതാണ്. ഈ നമ്പരില്‍ വിളിച്ചാലുടന്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഐ.എം.എ.യുടെ ആധുനിക സോഫ്റ്റ് വെയറായ ട്രയ് മോണിറ്ററില്‍ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള ആംബുലന്‍സ് ഏതാണെന്ന് വ്യക്തമാകും. ഇതോടെ ആംബുലന്‍സ് ഡ്രൈവറുടെ മൊബൈലില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനില്‍ പോലീസിന്റെ സന്ദേശമെത്തും. ആംബുലന്‍സിലുള്ള നഴ്‌സ് നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിയുന്ന തൊട്ടടുത്തുള്ള ഏത് ആശുപത്രിയാണുള്ളതെന്നുള്ള സന്ദേശം ലഭിക്കും. വെന്റിലേറ്ററുകളുള്‍പ്പെടെയുള്ള സൗകര്യം ഉറപ്പാക്കിയായിരിക്കും ആശുപത്രി നിര്‍ദേശിക്കുക. ഇങ്ങനെയൊരു രോഗി എത്തുന്ന കാര്യം ആശുപത്രിയേയും അറിയിക്കും. സാധാരണയായി സര്‍ക്കാര്‍ ആശുപത്രിയിലെ റൂട്ട് മാപ്പായിരിക്കും കാണുകയെങ്കിലും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് റീറൂട്ട് ചെയ്യാം.

ഇനിയൊരാളും വഴിയരുകില്‍ വാഹനം കാത്ത് കിടന്ന് മരിക്കേണ്ടി വരരുത് എന്ന പൊതുജനതാത്പര്യാര്‍ത്ഥം ഐ.എം.എ. നടപ്പിലാക്കുന്ന പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. ജി.എസ്. വിജയകൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

click me!