8 വര്‍ഷമായി ഒരു കുടുംബത്തിന്‍റെ വഴിമുടക്കി സര്‍ക്കാറിന്‍റെ റോഡ് റോളര്‍

By Web DeskFirst Published Mar 2, 2017, 2:59 AM IST
Highlights

തലശ്ശേരി: പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുന്ന സ്വകാര്യ വാഹനങ്ങൾ മാത്രമല്ല, ഉത്തരവാദിത്തമുള്ളവർ തിരിഞ്ഞ് നോക്കാത്ത സർക്കാർ വാഹനങ്ങളും സാധാരണക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത്തരത്തിൽ വിചിത്രമായ ദുരിതമാണ് മാഹിയിലെ സുരേന്ദ്രനും കുടുംബവും അനുഭവിക്കുന്നത്.  എട്ട് കൊല്ലം മുൻപ് റോഡ് പണിക്കെത്തിച്ച  റോഡ് റോളറാണ് കഥയിലെ വില്ലൻ.

കഴിഞ്ഞ എട്ടു കൊല്ലമായി സുരേന്ദ്രനും കുടംബവും ഈ റോഡ് റോളർ വീടിന് മുന്നിൽ വഴിമുടക്കിയായി കിടക്കുന്നത് കാണുന്നു.  2009ൽ ഇവിടെയുള്ള റോഡ് പണിക്കെത്തിയതായരുന്നു എഞ്ചിൻ.  പണി കഴിഞ്ഞ് പോകുന്നേരം കയറ്റത്തിൽ നിന്ന് നിയന്ത്രണം വിട്ട് നേരെ താഴേക്ക്. ബാക്കിയെല്ലാലം സിനിമയിൽ പപ്പുവിന്റെ ഡയലോഗ് പോലെത്തന്നെ.

കടുകുമണി വ്യത്യാസത്തിൽ അന്നത്തെ ഇടിക്ക് തവിടുപൊടിയികാതിരുന്ന എഞ്ചിൻ പക്ഷെ പിന്നീടങ്ങോട്ട് വെയിലും മഴയുമേറ്റ് തുരുമ്പിച്ച്നാശമായി.. വീടിന് മുന്നിൽ നിന്ന് ഇതൊന്ന് മാറ്റിക്കിടക്കാൻ മാഹിയിലെ ഓഫീസുകൾ കയറിയിറങ്ങിട്ടും, പുതുച്ചേരി ഗവർണ്ണർക്കു വരെ  പരാതി നൽകിയിട്ടും ഇപ്പ ശരിയാക്കിത്തരാം എന്ന വാക്കുകളല്ലാതെ ഒന്നും നടന്നില്ല.  ഒട്ടും വീതിയിലലാത്ത റോഡിൽ ഇതുകൂടി കിടന്നതോടെ റോഡ് വികസനവും മുടങ്ങി.  ഇപ്പോൾ ഒരു ചെറുവാഹനം മാത്രം കഷ്ടിച്ച് പോകാമെന്ന് മാത്രം.

സർക്കാരിന്‍റെ മുതലായതിനാൽ സ്വയം എടുത്ത് മാറ്റാനുമാവില്ല. സർക്കാരാണെങ്കിൽ അനങ്ങുന്നുമില്ല. പണം അങ്ങോട്ട് നൽകിയാലും വേണ്ടില്ല, റോഡൊന്ന് വീതി കൂട്ടാനും വീട്ടിലേക്കുള്ള വഴി തടസ്സമില്ലാതിരിക്കാനും നിയമപോരാട്ടം തുടരുകയാണിവർ.

click me!