കാവേരി: സുപ്രീം കോടതി ഉത്തരവിനെതിരെ  കര്‍ണാടകയില്‍ പ്രതിഷേധം, സംഘര്‍ഷം

By Web DeskFirst Published Sep 6, 2016, 8:09 AM IST
Highlights

ദില്ലി: കാവേരി നദിജലം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ കര്‍ണാടകത്തില്‍ വ്യാപക പ്രതിഷേധം.. തമിഴ്‌നാട് വഴി കേരളത്തിലേക്ക് വരുന്നതുള്‍പ്പെടെയുള്ള എഴുന്നൂറോളം ബസുകളുടെ സര്‍വ്വീസ് കര്‍ണാടകം നിര്‍ത്തിവച്ചു. വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അദ്ധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ചേരും.

കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാണ്ഡ്യ, ശ്രീരംഗപട്ടണ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ കര്‍ണാടക അതിര്‍ത്തിയില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. 

ബംഗളുരുവില്‍ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ബസുകള്‍ സാറ്റലൈറ്റ് ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞിട്ടിരിക്കുകയാണ്. തഞ്ചാവൂരില്‍ കര്‍ണാടക ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വഴി കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകളും നിര്‍ത്തിവച്ചു.. പ്രതിഷേധം കണക്കിലെടുത്ത് മാണ്ഡ്യയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടും ബൃന്ദാവന്‍ ഉദ്യോനവും നാല് ദിവസത്തേക്ക് അടച്ചിട്ടു.. വെള്ളിയാഴ്ച ക!ര്‍ണാടക രക്ഷാസമിതി സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്..

വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ നിയമവിദഗ്ദരും പങ്കെടുക്കും. ഇതിന് മുന്നോടിയായി ജല നിയമ വകുപ്പ് മന്ത്രിമാരുമായി സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തി. പ്രതിദിവസം പതിനയ്യായിരം ക്യൂസക് വെള്ളം കാവേരിയില്‍ നിന്നും തമിഴ്‌നാടിന് വിട്ടുനല്‍കണമെന്നാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്..

click me!