30 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി സെന്‍സായി മനോജ് അറസ്റ്റില്‍

web desk |  
Published : Jun 27, 2018, 05:26 PM ISTUpdated : Oct 02, 2018, 06:48 AM IST
30 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി സെന്‍സായി മനോജ് അറസ്റ്റില്‍

Synopsis

അഹമ്മദാബാദിലെ നിക്കോളില്‍ ജൈവസന്യാസിയുടെ വേഷത്തിലായിരുന്ന പ്രതിയെ പൊലീസ് അതീവസാഹസീകമായാണ് കീഴ്പ്പെടുത്തിയത്.

തൃശൂര്‍: മുപ്പത് കോടി രൂപയുടെ ട്രേഡ് ലിങ്ക് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതിയെ ജില്ല ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടി. തൃശൂര്‍ പൂങ്കുന്നം ഗൗതം അപ്പാര്‍ട്ട്ന്‍‌റ്സില്‍ താമസിക്കുന്ന പടിയം കുറുവത്ത് വീട്ടില്‍ സെന്‍സായി മനോജ് എന്നറിയപ്പെടുന്ന മനോജ്(54) ആണ് പിടിയിലായത്. ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളിലായി 30 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. 

ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ച് ഓഫീസുകള്‍ ഉണ്ടായിരുന്ന ട്രേഡ് ലിങ്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. പൊതുജനങ്ങളില്‍ നിന്നും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് വന്‍ തുകകള്‍ ഡെപ്പോസിറ്റായി സ്വീകരിച്ച് കാലാവധി കഴിഞ്ഞപ്പോള്‍ ഡെപ്പോസിറ്റ് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാതെ കമ്പനിയുടെ പാര്‍ട്ണര്‍മാര്‍ മുങ്ങുകയാണുണ്ടായത്. 

ഈ കമ്പനിയുടെ തന്നെ പേരില്‍ കുറികള്‍ നടത്തി കുറിവിളിച്ചവര്‍ക്കും കുറി നറുക്ക് കിട്ടിയവര്‍ക്കും പൈസ കൊടുക്കാതെയാണ് ഇവര്‍ മുങ്ങിയത്. പരാതികളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാര്‍ട്ണര്‍മാരായ സജീവന്‍, തോമസ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മനോജ് നാടുവിട്ടു. വടക്കേന്ത്യയിലെ പല സ്ഥലങ്ങളിലായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

പൊലീസ് പിന്നാലെയുള്ളതിനാല്‍ സ്ഥിരമായി ഒരിടത്തും തങ്ങുന്ന സ്വഭാവം ഇല്ലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാന്‍, മുംബൈ, പൂനെ, ബറോഡ എന്നിവിടങ്ങളില്‍ പൊലീസ് അന്വേഷിച്ചെത്തുമ്പോഴേക്കും ഇയാള്‍ അവിടെ നിന്നെല്ലാം രക്ഷപ്പെട്ടിരുന്നു. പല പേരുകളിലാണ് ഇയാള്‍ ഒളിച്ചു താമസിച്ചിരുന്നത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം അഹമ്മദബാദില്‍ വിശദമായ അന്വേഷണം നടത്തി. 

കരാട്ടേ കേന്ദ്രങ്ങളും സ്‌കൂളുകളും ഫ്‌ളാറ്റുകളും ഫാമുകളും ആശ്രമങ്ങളും മഠങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഗാന്ധിനഗറിലെ കോബായിലുള്ള ശ്രീമദ് രാജ് ചന്ദ്ര അധ്യാത്മിക് സാധന എന്ന ജൈന ആശ്രമത്തിലെത്തിയ അന്വേഷണ സംഘം മനോജിന്‍റെ ഫോട്ടോ കാണിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു സന്യാസി ഇയാളെ തിരിച്ചറിയുകയും ഇയാളെ ആശ്രമത്തില്‍ കുറച്ചുകാലം കണ്ടെന്ന് പറയുകയും ചെയ്തു. 

ഇതെത്തുടര്‍ന്ന് അടുത്തുള്ള സന്യാസിമാര്‍ താമസിക്കുന്ന മഠങ്ങളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍ മനോജ് ഒളിച്ചു താമസിക്കുന്ന ഒളിത്താവളം മനസിലാക്കുകയും അവിടെയെത്തി അന്വേഷിച്ചപ്പോള്‍ ഇയാള്‍ അഹമ്മദാബാദിലെ നിക്കോള്‍ എന്ന സ്ഥലത്തേക്ക് പോയെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയുമായിരുന്നു. സന്യാസി വേഷത്തിലായിരുന്ന മനോജിനെ അന്വേഷണ സംഘാംഗങ്ങള്‍ വേഷം മാറി ആശ്രമവാസികളെന്ന വ്യാജേ ചെന്ന് പിടികൂടുകയായിരുന്നു, 

നിക്ഷേപകരില്‍ നിന്നും സമാഹരിച്ച പണം കൊണ്ട് പാര്‍ട്ണര്‍മാരായ മൂന്നുപേരും കൂടി ശ്രീലങ്ക, തായ്‌ലാന്‍റ് തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ചെന്ന് ആര്‍ഭാട ജീവിതം നയിച്ചതായും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ധാരാളം ഭൂമി വാങ്ങിച്ചുകൂട്ടിയതായും മനോജിനെ ചോദ്യം ചെയ്തതില്‍ നിന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. 

ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി ട്രേഡ് ലിങ്ക് കമ്പനി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടായിരത്തോളം പരാതികളും 140ലധികം കേസുകളുമുണ്ട്. ഇവരുടെ കേരളത്തിലെ ആസ്തികളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തൃശൂര്‍ റൂറല്‍ ജില്ല ക്രൈം ബ്രാഞ്ച് എസ്‌ഐ എം പി മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുരേഷ് ബാബു, എം കെ.അബൂബക്കര്‍, എഎസ്‌ഐ പി സി സുനില്‍, സിപിഒമാരായ സി ആര്‍ പ്രദീപ്, പി പി ജയകൃഷ്ണന്‍, സി എ ജോബ്, സൂരജ് വി ദേവ്, ലിജു ഇയ്യാനി, എ രമേഷ്, ബിനു ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം