
കണ്ണൂര്‍: ആര്‍.എസ്.എസ് അധോലോക സംഘടനയാണെന്ന് ആര്‍.എസ്.എസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന സിബി സുബഹ്. കണ്ണൂരില്‍ സിബി സുബഹിന് സി.പി.എം നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എസ്.എസ് എന്താണെന്ന് അറിയാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നാല്‍ വ്യക്തിപരമായി തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നുപറയുമെന്നും സിബി പറഞ്ഞു.
എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടാണ് സുബഹ് പ്രസംഗം തുടങ്ങിയത്. നേരത്തെ തന്നെ ജീവനില്‍ കൊതിയില്ലായിരുന്നെന്നും ഇനിയുള്ള പോരാട്ടത്തില്‍ മരണം സംഭവിച്ചാലും പോരാട്ടം തുടരുമെന്നും സുബഹ് പറഞ്ഞു. കണ്ണൂരില്‍ ആര്‍.എസ്.എസുകാര്‍ പരസ്പരം തമ്മിലടിച്ച് ഇല്ലാതാവുകയാണ്. ഇതില്‍ പ്രതിഷേധിച്ച് ധാരാളം പ്രവര്‍ത്തകര്‍ നാടുവിട്ട് പോയിട്ടുണ്ട്. ആര്‍.എസ്.എസ് ഇപ്പോള്‍ മനുഷ്യന്‍മാരുടെ സംഘടനയാണോ അധോലോക സംഘടനയാണോ എന്നറിയാതായെന്നും സുബഹ് പറഞ്ഞു.
കണ്ണൂരില്‍ അക്രമം നടത്തുന്നത് ആര്‍.എസ്.എസ് ആണ്. അക്രമം നടത്തിയ ശേഷം അതിന് പിന്നില്‍ സി.പി.എം ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും സുബഹ് പറഞ്ഞു. ജന്മഭൂമി പത്രത്തിലെ സബ് എഡിറ്ററായിരുന്ന സുബഹ് ധര്‍മ്മടം സ്വദേശിയാണ്. ബാലഗോകുലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സേവാഭാരതിയുടെ സേവന വാര്‍ത്ത വടക്കന്‍ കേരള സംയോജകന്‍, ഹിന്ദു ഐക്യവേദിയുടെ തലശേരി താലൂക്ക് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam