കേരളത്തിലെത്തുന്ന അരുണ്‍ ജയ്റ്റ്‌ലിക്ക് ശ്രീജന്‍ ബാബുവിന്‍റെ ഭാര്യയുടെ കത്ത്

By Web DeskFirst Published Aug 5, 2017, 9:05 PM IST
Highlights

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വിലയിരുത്താന്‍ കേരളത്തിലെത്തുന്ന കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് തലശേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാബുവിന്റെ ഭാര്യയുടെ കത്ത്.  ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ മാത്രമല്ല, ഗുരുതരാവസ്ഥയില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ കൂടി സന്ദര്‍ശിക്കാന്‍ തയാറാവണമെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമ്യ ആവശ്യപ്പെടുന്നത്.  

ഓട്ടോഡ്രൈവറായ തന്റെ ഭര്‍ത്താവിനെ ഒരു പ്രകോപനവുമില്ലാതെയാണ് ആര്‍.എസ്.എസുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും, ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്താനാവശ്യപ്പെടണമെന്നും കത്തില്‍ പറയുന്നു. തലശേരി നായനാര്‍ റോഡില്‍ ഓട്ടം കാത്തുകിടക്കെ എട്ടംഗ മുഖംമൂടി സംഘം വെട്ടിവീഴ്ത്തി കഴിഞ്ഞ 33 ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുകയാണ് തന്റെ ഭര്‍ത്താവ്. വാളുകളും മഴുവുമുപയോഗിച്ചുള്ള ആക്രമണത്തില്‍  വെട്ടേല്‍ക്കാത്ത ഒരു ഭാഗവും ഇനി ശരീരത്തില്‍ ബാക്കിയില്ല.  

ഇതുവരെ ഏഴ് ശസ്ത്രക്രിയകള്‍ കഴിഞ്ഞു.  ഇനിയും രണ്ട് ശസ്ത്രക്രിയകള്‍ നടത്തണം. ശ്വാസകോശത്തിന് വരെ വെട്ടേറ്റ് മരണത്തോട് മല്ലിടുകയാണ് മകനും പ്രായമായ മാതാപിതാക്കളുമുള്ള കുടുംബത്തിന്റെ അത്താണിയായ അദ്ദേഹം.  നേരത്തെയും രണ്ട് തവണ വധശ്രമമുണ്ടായി. കേസില്‍  അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇതുവരെ അറസ്റ്റിലായി.  ഇനിയും പ്രതികലെ പിടികൂടാനുണ്ട്.  ഇങ്ങനെ  തന്റെ കുടുംബത്തിന്റെ ദുരനുഭവം വിവരിച്ചും, ഏകപക്ഷീയമായ ആര്‍.എസ്.എസ് ആക്രമണത്തിലേക്ക് വിരല്‍ ചൂണ്ടിയുമാണ് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ രമ്യയുടെ കത്ത്.  

കേരളത്തില്‍ സിപിഎം ഏകപക്ഷീയമായ അക്രമങ്ങള്‍ നടത്തുന്നുവെന്ന പേരില്‍ ലോക്‌സഭയിലടക്കം ഉയര്‍ത്തിയ ചര്‍ച്ചക്ക് പുറമെ, ദേശീയതലത്തിലും പ്രചാരണം നടത്താനുള്ള ബിജെപി നീക്കത്തിനിടെയാണ് ആര്‍.എസ്.എസ് ആക്രമണത്തിനിരയായ  ശ്രീജന്‍ ബാബുവിന്റെ ഭാര്യയുടെ കത്ത്.   നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ് ശ്രീജന്‍ ബാബു.  ജില്ലയില്‍ ഓരോമാസവുമുള്ള ജില്ലാതല സമാദാന യോഗത്തിന് തൊട്ടുമുന്‍പായിരുന്നു ശ്രീജന്‍ ബാബുവിനെ വധിക്കാന്‍ ശ്രമം നടന്നത്.

click me!