രുദ്രയുടെ സമരം 393 -ാം ദിവസം; സമരം തകര്‍ക്കാന്‍ ഗൂഢ ശ്രമമെന്ന് മാതാപിതാക്കള്‍

Published : Jan 18, 2018, 05:16 PM ISTUpdated : Oct 05, 2018, 01:47 AM IST
രുദ്രയുടെ സമരം 393 -ാം ദിവസം; സമരം തകര്‍ക്കാന്‍ ഗൂഢ ശ്രമമെന്ന് മാതാപിതാക്കള്‍

Synopsis

തിരുവനന്തപുരം: ചികിത്സാ പിഴവ് മൂലം കൊല്ലപ്പെട്ട മകളുടെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ 393 ദിവസമായി സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളെ അപമാനിച്ച് കന്റോണ്മെന്റ് സി.ഐ പ്രമോദ്. മാതാപിതാക്കള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയ സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാലയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയ ശേഷമാണ് സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളെ കുറിച്ച് സിഐ മോശമായി സംസാരിച്ചത്. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അശ്വതി ജ്വാല സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളായ സുരേഷിനും സൗമ്യക്കും ഐക്യദാര്‍ഢ്യവുമായി എത്തിയത്. ഉടന്‍ തന്നെ കന്റോണ്മെന്റ് സി.ഐ പ്രമോദ് എത്തി അശ്വതിയോടും ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരോടും ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു. സ്ഥലത്ത് മാധ്യമ പ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ കുറച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ സ്റ്റേഷന്‍ വരെ പോകണമെന്നായിരുന്നു പറഞ്ഞത്. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പോലുമില്ലാതെയാണ് തന്നെ കൂട്ടികൊണ്ടുപോകാന്‍ പ്രമോദ് സ്ഥലത്തെത്തിയതെന്ന് അശ്വതി ജ്വല പറഞ്ഞു.  

സ്റ്റേഷനില്‍ എത്തിച്ച ശേഷം തങ്ങളോട് അവിഹിതത്തില്‍ ഉണ്ടായ കുഞ്ഞാണ് രുദ്ര എന്ന തരത്തിലൊക്കെ വളരെ മോശമായ ഭാഷയിലാണ് സി.ഐ സംസാരിച്ചത്. കൂടാതെ സമരത്തില്‍ നിന്നും പിന്മാറണമെന്നും പ്രമോദ് അശ്വതിയോട് ആവശ്യപ്പെട്ടു. അരമണിക്കൂറോളം സ്റ്റേഷനില്‍ തടഞ്ഞുവച്ച ഇവരെ സംഭവം അറിഞ്ഞ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.ഐയെ ഉപരോധിച്ച ശേഷമാണ് വിട്ടയച്ചത്. യുവജന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വി.എം സുധീരന്‍ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മ നടത്താന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എത്തിയപ്പോഴാണ് അശ്വതിയെയും അവിടെയെത്തിയ മറ്റു മൂന്നുപേരെയും സി.ഐ പ്രമോദ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. പ്രതിഷേധ കൂട്ടായ്മ തകര്‍ക്കുകയായിരുന്നു സി.ഐയുടെ ലക്ഷ്യമെന്ന ആരോപണമുയര്‍ന്നു. സംഭവത്തില്‍ സി.ഐ പ്രമോദിനെതിരെ നടപടി ആവശ്യപ്പെട്ട് അശ്വതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സമരം അവസാനിപ്പിച്ചിലെങ്കില്‍ കുട്ടിയുടെ അച്ഛന്‍ സുരേഷിനെ കള്ള കേസില്‍ അറസ്റ്റ് ചെയ്യുമെന്നും മൂത്ത മകളെ കൊണ്ടിരുത്തി സമരം ചെയ്യുന്നുവെന്ന് കാട്ടി കുട്ടിയെ കൊണ്ട് പോകുമെന്നും സി.ഐ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ സൗമ്യ പറഞ്ഞു.

കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ന്യൂട്രീഷന്‍ എന്ന അസുഖത്തെ തുടര്‍ന്നാണ് നാലുമാസം പ്രായമായ രുദ്ര മരിച്ചതെന്നാണ് എസ്എറ്റിയിലെയും മെഡിക്കല്‍ കോളേജിലെയും സൂപ്രണ്ടുമാര്‍ റിപ്പോര്‍ട്ടെഴുതിയത്. കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും ആസ്പത്രിയില്‍ ചികിത്സയ്‌ക്കെത്തുമ്പോള്‍ പരിശോധനകളില്‍ കുഞ്ഞിന് മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു. ഐ.സിയുവില്‍ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നല്‍കിയതെന്നും മാതാപിതാക്കള്‍ പറയുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുമ്പോള്‍ ഉണ്ടാകുന്ന പനിയും രണ്ടായിരത്തിപതിനേഴ് ജൂണ്‍ പതിനാലിന് ത്വക്‌രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഈ കാലയളവില്‍  ഉണ്ടായത്. 

എന്നാല്‍ എസ്എറ്റിയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജ് ത്വക്‌രോഗ വിഭാഗവും ചികിത്സയില്‍ നടത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. കുട്ടിക്ക് മൂന്ന് കിലോ ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂവെന്ന് അധികൃതര്‍ പറയുന്നതിലും വൈരുധ്യമുള്ളതായി ഇവര്‍ ആരോപിച്ചു. കുട്ടിയെ ജൂണ്‍ പതിനാലിന് ആസ്പത്രിയിലെത്തിക്കുമ്പോള്‍ ഒപിയില്‍ തൂക്കം എടുത്ത് 4.76 ആണ്. എന്നാല്‍ മൂന്ന് കിലോയില്‍ താഴെ മാത്രം എന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. ഇവിടുത്തെ ചികിത്സ നല്‍കിയ ശേഷമാണ് കുട്ടിയുടെ തൊലി ചുരുങ്ങി വരളാനും പൊളിഞ്ഞിളകാനും തുടങ്ങിയത്.  ഇതോടെ കുട്ടിയുടെ ഭാരവും കുറഞ്ഞിരുന്നു. ഇത് പിന്നീട് ഭാരക്കുറവുണ്ടാക്കിയതാകാം. എസ്എടിയില്‍ അഡ്മിറ്റ് ആയി കുട്ടിയുടെ നില വഷളായതോടെ കുട്ടിയുടെ പിതാവും നാട്ടുകാരും ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തുനിഞ്ഞത്. ഈ സമയവും ത്വക് രോഗ ചികിത്സയല്ലാതെ മറ്റ് ചികിത്സകള്‍ ചെയ്യുന്നതായി ആരും തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് സുരേഷ് പറഞ്ഞു. ആശുപത്രി അധികൃതര്‍ പറയുന്ന രോഗം ഉണ്ടായിരുന്നുവെങ്കില്‍ ആദ്യ പരിശോധനകളില്‍ തന്നെ കുട്ടിക്ക് വിളര്‍ച്ച ബാധിച്ചതായി പറയുമായിരുന്നു. കുട്ടിയുടെ മരണം സംഭവിച്ച ശേഷമാണ് കുട്ടി വൃക്ക രോഗം പിടിപ്പെട്ടാണ് മരിച്ചതെന്ന് പറയുന്നത്. എന്നാല്‍ അന്നും പോഷകാഹാര കുറവ് കൊണ്ട് കുട്ടിക്ക് ഗുരുതര പ്രശ്‌നം ഉള്ളതായി പറഞ്ഞിരുന്നില്ല.

ത്വക്ക് രോഗത്തിന് നടത്തിയ ചികിത്സയില്‍ പിഴവ് സംഭവിക്കുകയും ഇതു മൂര്‍ച്ഛിച്ച് മറ്റ് രോഗങ്ങളായി മാറുകയുമാണ് ഉണ്ടായതെന്നും എന്നാല്‍ ഇക്കാര്യം തങ്ങളില്‍ നിന്ന് മറച്ച് വച്ച് മറ്റ് ചികിത്സകള്‍ നല്‍കി. ഇങ്ങനെ  അധികൃതരുടെ കൈപിഴവില്‍ കുട്ടിക്ക് മരണം സംഭവിക്കുകയാണ് ഉണ്ടായതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. എസ്എടി ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിലെ പ്രൊഫസറുടെ നേതൃത്വത്തില്‍, സീനിയര്‍ ഡോക്ടര്‍മാര്‍, തീവ്രപരിചരണത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയ രണ്ട് ശിശുരോഗ വിദഗ്ദ്ധര്‍, പി.ജി. ഡോക്ടര്‍മാര്‍ എന്നിവടങ്ങിയ വിദഗ്ദ്ധ സംഘമാണ് രുദ്രയ്ക്ക് ചികിത്സ നല്‍കിയതെന്ന് പറയുമ്പോഴും കുട്ടിയുടെ മാതാപിതാക്കളുടെ സംശയം ശരിവയ്ക്കുന്നു.  

വിദഗ്ദ്ധ ചികിത്സയും പരിശോധനയും നടത്തിയിട്ടും ആദ്യ ഘട്ടത്തില്‍ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നം കണ്ട് പിടിക്കാന്‍ കഴിയാതിരിക്കുന്നതും ജൂണ്‍ പതിനാലിന് നല്‍കിയ ഓയിന്റ്‌മെന്റുകള്‍ മാറ്റി വിശദ  പരിശോധന നടത്താതെ രണ്ടാം തവണയും ഓയിന്റ്‌മെന്റ് മാത്രം നല്‍കി വീട്ടില്‍ അയച്ചത് എന്തിനാണെന്ന സംശയവും നിലനില്‍ക്കുന്നു. പോഷകാഹാര കുറവ് ഉണ്ടെങ്കില്‍ രണ്ടാം തവണ എത്തുമ്പോള്‍ എങ്കിലും ഇത് ഡോക്ടറുടെ ശ്രദ്ധയില്‍ പെടേണ്ടതല്ലേ എന്ന സംശയവും ഉയര്‍ന്നിരുന്നു. അന്ന് സംഭവം വിവാദമായതോടെ അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ആര്‍ഡിഓ സാന്നിദ്ധ്യത്തില്‍ ഡിവൈഎസ്പി മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ പോലീസ് സര്‍ജന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പടെ രാസപരിശോധനയ്ക്കായി എടുക്കുകയും ചെയ്തു. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ മരണ കാരണം ന്യൂമോണിയയായി. 

ഇതോടെ സുരേഷും സൗമ്യയും സെക്രട്ടേറിയേറ്റിലെ മെഡിക്കല്‍ കോളേജ് എസ്എടിയിലും സമരവുമായി മുന്നോട്ട് പോയി. മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ച് പത്ത് ദിവസത്തില്‍ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ സമരമുഖത്ത് നിന്നും പിന്മാറണം എന്ന് പോലീസിന്റെയും ഇടത്പക്ഷ പ്രവര്‍ത്തകരുടെയും ഭീഷണി ഉയര്‍ന്നു. യൂത്ത് കമ്മീഷന്‍ നേരിട്ടെത്തി സ്വീകരിച്ച പരാതിയില്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ കുടുംബത്തിന് രണ്ട് ലക്ഷം രൂപ താത്കാലിക സഹായം അനുവദിക്കുകയും സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും യൂത്ത് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസന്വേഷണം പിന്നീട് മുന്നോട്ടു പോയില്ല. രുദ്രയുടെ മാതാപിതാക്കളുടെ അടുത്ത് നിന്നും നിരവധി കടലാസുകള്‍ പോലീസ് ഒപ്പിട്ട് വാങ്ങിയിരുന്നു.  തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ ഒപ്പിട്ട് വാങ്ങിയതാണെന്ന് മനസിലാക്കിയ ഇവര്‍ അതിനെതിരെയും പരാതി നല്‍കി. ഇതിനിടെ സെക്രട്ടറിയേറ്റിന് മുന്നിലെ ഇവരുടെ സമരപന്തലും ചിലര്‍ തകര്‍ത്തു.

രുദ്രയുടെ മൂത്ത സഹോദരി ദുര്‍ഗ്ഗയെ സമരത്തിന് കൊണ്ട് വന്നുവെന്ന കേസില്‍ മാതാപിതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ മാതാപിതാക്കള്‍ ജാമ്യം എടുത്തിരുന്നു. ഇപ്പോള്‍ കേസ് സ്റ്റേ ചെയ്യാനുള്ള നടപടികള്‍ നടക്കുകയാണ്. ഇനി മറ്റൊരു കുഞ്ഞിനും ഈ അവസ്ഥ വരരുതെന്നും നീതി ലഭിക്കുന്ന വരെ സമരം ചെയ്യുമെന്നും രുദ്രയുടെ മാതാപിതാകള്‍ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

തിരുവനന്തപുരം മേയർ വിവി രാജേഷിന് ആശംസ; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്, 'പ്രചരിക്കുന്ന വാർത്ത തെറ്റ്'
അച്ചടക്ക നടപടിയുമായി വന്നാൽ പാർട്ടിക്കെതിരെ പല വെളിപ്പെടുത്തലുകളും നടത്തും; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്