ശീതയുദ്ധത്തെ ഓര്‍മ്മിപ്പിച്ച്: റഷ്യ അമേരിക്ക നയതന്ത്ര പോര്

By Web DeskFirst Published Dec 30, 2016, 2:19 PM IST
Highlights

മോസ്കോ: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ നടപടിക്ക് അതേ നാണയത്തിൽ റഷ്യയുടെ തിരിച്ചടി.  അമേരിക്ക 35 റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് പിന്നാലെ 35 അമേരിക്കൻ നയന്ത്രജ്ഞരെ റഷ്യയും പുറത്താക്കി. ഇവർ ഉടൻ രാജ്യം വിട്ടുപോകണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.

ശീതയുദ്ധകാലത്തെ ഓർമ്മിപ്പിക്കുന്ന നയതന്ത്രസംഘർഷമാണ് വാഷിംഗ്ടണും മോസ്കോയും  തമ്മിൽ നടക്കുന്നത്. 35 റഷ്യൻ നയതന്ത്രജ്ഞരോട് രാജ്യം വിട്ടുപോകാൻ വാഷിംഗ്ടൺ നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെ 35 അമേരിക്കൻ നയതന്ത്രജ്ഞരെ പുറത്താക്കാൻ റഷ്യൻ വിദേശകാര്യമന്ത്രാലയവും നിർദ്ദേശം നൽകി.

റഷ്യയുടെ വാഷിംഗ്ടൺ എംബസിയിലും സാൻഫ്രാൻസിസ്കോ കോൺസുലേറ്റിലും പ്രവർത്തിച്ചിരുന്ന നയതന്ത്രജ്ഞരെയാണ് അനഭിമതർ എന്ന് വിശേഷിപ്പിച്ച് അമേരിക്ക പുറത്താക്കിയത്.  രണ്ട് റഷ്യൻ ഇന്‍റലിജൻസ് ഏജൻസികൾക്കുള്ള പ്രവർത്തനാനുമതിയും അമേരിക്ക വിലക്കി.

പ്രസിഡന്‍റ് തെരഞ്ഞടുപ്പുകാലത്ത് ഹില്ലരി ക്ലിന്‍റനും ഡെമോക്രാറ്റിക് പാർട്ടിക്കും അപകീർത്തികരമാകുന്ന തന്ത്രപ്രധാന ഇ മെയിലുകൾ മോഷ്ടിച്ച് പരസ്യപ്പെടുത്താൻ റഷ്യൻ നയതന്ത്രജ്ഞർ കൂട്ടുനിന്നു എന്നായിരുന്നു അമേരിക്കയുടെ ആരോപണം.   72 മണിക്കൂറിനുള്ളിൽ 35 പേരും രാജ്യം വിടണമെന്നയിരുന്നു നിർദ്ദേശം.

അമേരിക്കയുടെ ആരോപണത്തെ അടിസ്ഥാനരഹിതമെന്ന് തള്ളിയ  റഷ്യ 72 മണിക്കൂറെന്ന  സമയപരിധി അവസ്സാനിക്കുന്നതിന് മുന്പുതന്നെർ അതേ നാണയത്തിൽ തിരിച്ചടിച്ചു. മോസ്കോയിൽ നിന്ന് 31 ഉം  സെന്‍റ് പീറ്റേഴ്സ് ബർഗിൽ നിന്ന് നാലും നയന്ത്രജ്ഞർ രാജ്യം വിടണമെന്നാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ഉത്തരവിട്ടത്. 

മോസ്കോയിലെ ഇവരുടെ അവധിക്കാല വസതികളും ഉടൻ ഒഴിഞ്ഞുകൊടുക്കണം. സ്ഥാനമൊഴിയാനിരിക്കുന്ന ഒബാമ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിലാണ് റഷ്യ വിമർശിച്ചത്. റഷ്യയുമായി സൗഹൃദത്തിൽ പോകണമെന്നാണ് നിയുക്ത പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നയം. 

ഡെമോക്രാറ്റിക് പാർട്ടി റഷ്യൻ നയതന്ത്രഞ്ജർക്കെതിരെ ഇപ്പോൾ ഉയർത്തുന്ന ആരോപണങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ ട്രംപ് തള്ളിയിരുന്നു. ജനുവരി 20ന് ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കാനിരിക്കെയാണ് റഷ്യ, അമേരിക്കൻ ബന്ധം വഷളാവുന്നത് എന്നതും ശ്രദ്ധേയമാണ്.

click me!