ഒമാനില്‍ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ 'സേഫ്​ റമദാന്‍' പദ്ധതി

By Web DeskFirst Published May 24, 2018, 12:55 AM IST
Highlights
  • പരിശുദ്ധ റംസാന്‍ മാസത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യം

ഒമാന്‍: പരിശുദ്ധ റംസാൻ മാസത്തിൽ റോഡ് അപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് 'സേഫ്​ റമദാൻ' പദ്ധതിയുമായി ഒമാൻ റോഡ് സുരക്ഷാ അസോസിയേഷൻ. പദ്ധതിയുടെ ഭാഗമായി ബോധവത്കരണവും പരിശോധനയും അധികൃതർ ശക്തമാക്കി. 

റമദാൻ ദിനങ്ങളിൽ വളരെ വൈകി ഉറങ്ങുന്നത് പകൽസമയം ശരീര ക്ഷീണത്തിനു കാരണമാകും. ഇത് റോഡ് അപകടങ്ങൾക്ക് സാധ്യതകൾ ഏറെ ഉണ്ടാക്കും. അതിനാൽ വാഹനമോടിക്കുന്നവർ ശരീരത്തിന് വേണ്ടത്ര വിശ്രമം നൽകി, റോഡിൽ പൂർണ ജാഗ്രത പാലിക്കണമെണമെന്ന്​ ഒമാൻ റോഡ്​സുരക്ഷാ അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു.

ഇഫ്താർ സമയത്തിന് മുൻപായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുവാൻ തിരക്കു​പിടിച്ചും അമിതവേഗതയിലും വാഹനമോടിക്കുന്നത് അപകടത്തിന് വഴിയൊരുക്കും. 2016 മുതൽക്കാണ് 'സേഫ്​റമദാൻ "എന്ന പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണം ഒമാനിൽ ശക്തമാക്കിയത്.

എല്ലാ ദിവസത്തെ ഇഫ്താറിന് മുൻപായി ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ വേഗത കുറച്ച് സുരക്ഷിതമായി വാഹനമോടിക്കുവാൻ പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിവരുന്നുണ്ട്. 2016 നെക്കാൾ കുറഞ്ഞ അപകടനിരക്കാണ്​കഴിഞ്ഞ റമദാനിൽ രാജ്യത്ത് റിപ്പോർട്ട്​ചെയ്‌തത്. ഈ വർഷവും അപകടനിരക്കിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് റോയൽ ഒമാൻ പൊലീസിന്റെ വിലയിരുത്തൽ.
 

click me!