സന ഫാത്തിമ എവിടെ?: കുട്ടിയെ കാണാതായിട്ട് അഞ്ച് ദിവസം

By Web DeskFirst Published Aug 7, 2017, 1:23 PM IST
Highlights

കാസർകോട്: പാണത്തൂരിലെ നാല് വയസ്സുകാരി സന ഫാത്തിമയെ കാണാതായിട്ട് അഞ്ച്ദിവസമായി. കുട്ടിക്കായി നാട്ടുകാരും പൊലീസും തിരിച്ചതിൽ നടത്തുന്നുണ്ടെങ്കിലും വിവരം ലഭിച്ചിട്ടില്ല. കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ആവശ്യമാണ് വീട്ടുകാർ മുന്നോട്ട് വെക്കുന്നത്.

പൊന്നുമകളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനകളുമായി കഴിയുകയാണ് ബാപ്പുങ്കയംകോളനിയിലെ ഇബ്രാഹിം ഹസീന ദമ്പതികൾ. അംഗനവാടിയിൽ നിന്ന് വന്ന ശേഷമാണ് വ്യാഴാഴ്ച  സനഫാത്തിമയെ കാണാതായത്. കുട്ടി വെള്ളത്തിൽ വീണതാകാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ  വെള്ളം പേടിയായതിനാൽ സന അവിടേക്ക് പോകില്ലെന്ന് തീർത്തുപറയുന്നു വീട്ടുകാർ. 

വെള്ളരിക്കുണ്ട് സിഐയുടെ നേതൃത്വത്തുള്ള പൊലീസ് സംഘവും നാട്ടുകാരും തിരച്ചിൽ തുടരുന്നുണ്ട്. പാണത്തൂരിൽ നിന്ന് 3 കിലോമീറ്റർ പോയാൽ കർണാടകയാണ്.കുട്ടിയെ തട്ടികൊണ്ട് പോയതാകാനുള്ള സാധ്യത സംബന്ധിച്ചും  അന്വേഷിക്കുന്നു.ഭിക്ഷാടന മാഫിയയുടെയോ ,നാടോടി സംഘത്തിന്‍റെയോ കയ്യിൽ അകപ്പെട്ടോ എന്നതടക്കമുള്ളകാര്യങ്ങളും പരിശോധിച്ച് വരികയാണ്. കേരളത്തിനകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് കുട്ടിയുടെ ഫോട്ടോ സഹിതം വിവരം കൈമാറിയിട്ടുണ്ട്..  

അതിനിടെ കുട്ടി വെള്ളത്തിൽ വീണെന്ന തരത്തിലുള്ള പ്രചരണം സോഷ്യൽ മീഡിയയിൽ സജീവമായി. കുട്ടിയെ കണ്ടെന്നുള്ള  വ്യാജ സന്ദേശങ്ങളും പ്രചരിച്ചു. ഇത് വിപരീതഫലം ഉണ്ടാക്കിയെന്നും പൊലീസ് പറയുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾ തുടരുമ്പോഴും ഇതിലെ ദുരൂഹതകൾ നീക്കാൻ അന്വേഷണങ്ങൾക്ക് കഴിയുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു. 
 

click me!