Latest Videos

കേരളത്തിന്റെ അഭിമാനമായി മാറിയ ട്രാന്‍സ്ജെന്‍ഡര്‍ തലചായ്ക്കാനിടമില്ലാതെ ദുരിതത്തില്‍

By Web DeskFirst Published May 30, 2017, 10:00 AM IST
Highlights

ഐ.ടി രംഗത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ഭിന്നലിംഗക്കാര്‍. ബഹുരാഷ്‌ട്ര കമ്പനിയില്‍ ജോലി നേടുന്ന സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‍ജെന്‍ഡറായി മാറിയിരിക്കുകയാണ് ഇരുപത്തിയേഴുകാരിയായ മലയാളി സാറാ ഷെയ്ഖ. മികച്ച ജോലി നേടി സോഷ്യല്‍ മീഡിയയിലടക്കം താരമായ സാറ പക്ഷേ, തലസ്ഥാനത്ത് തലചായ്ക്കാന്‍ ഇടമില്ലാത്തതിന്റെ നിരാശയിലാണ്.

ബഹുരാഷ്‌ട കമ്പനിയായ യു.എസ്.ടി ഗ്ലോബലിലെ സീനിയര്‍ എച്ച്.ആര്‍ അസ്സോസ്സിയേറ്റ് കസേരയിലേക്ക് സാറാ ഷെയ്ഖ എത്തിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. സംസ്ഥാനത്ത് ഐ.ടി മേഖയില്‍ ജോലി ലഭിക്കുന്ന ആദ്യ ട്രാന്‍സ്‍ജെന്‍ഡറായി സാറ. രണ്ടര വര്‍ഷം മുമ്പ് വരെ സാറ നിഷാന്ത് ആയിരുന്നു. ആണ്‍വേഷമഴിച്ചതോടെ കുടുംബം കൈവിട്ടു. എന്നാല്‍ തനിക്ക് നഷ്ടപ്പെട്ടതെല്ലാം ഇനി സ്വന്തമാക്കണമെന്ന ആഗ്രഹത്തിലാണ് സാറ ഇപ്പോള്‍ ജീവിക്കുന്നത്. ഒറ്റപ്പെടലില്‍ വാശിയോടെയുള്ള പഠനമാണ് തുണയായത്. ചെന്നൈയിലും ദുബായിലുമടക്കം വിവിധ കമ്പനികളില്‍ ജോലി ചെയ്തശേഷമാണ് ഐ.ടി മേഖലയിലേക്കെത്തുന്നത്. പല കമ്പനികളിലും ജോലിക്ക് ശ്രമിച്ചപ്പോള്‍ ട്രാന്‍സ്‍ജെന്‍ഡര്‍ എന്ന വ്യക്തിത്വം പലയിടങ്ങളിലും പ്രശ്നമായി. കേരളത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ യു.എസ്.ടി ഗ്ലോബലില്‍ ജോലി കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെങ്കിലും താമസം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. 

കൊച്ചി മെട്രോയില്‍ ജോലി നേടിയ ഭിന്നലിംഗക്കാര്‍ക്കും സമാന തരത്തിലുള്ള പ്രതിസന്ധി അനുഭവിക്കേണ്ടി വന്നു. താമസം സൗകര്യം നല്‍കാന്‍ ഹോസ്റ്റലുകളോ മറ്റ് സ്ഥാപനങ്ങളോ തയ്യാറായില്ല. ഒടുവില്‍ കെ.എം.ആര്‍.എല്‍ തന്നെ മുന്‍കൈയ്യെടുത്താണ് അതിന് പരിഹാരമുണ്ടാക്കിയത്. ഇതേ യ മാതൃകയില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലാണ് സാറ പ്രതീക്ഷിക്കുന്നത്.
 

click me!