
മാധവിക്കുട്ടിയെ കുറിച്ചുള്ള ചിത്രം ആമിയില്‍ നിന്ന് പിന്മാറിയ വിദ്യാ ബാലനെകുറിച്ച് സംവിധായകന്‍ കമല്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി അധ്യാപികയും എഴുത്തുകാരിയുമായ ശാരദക്കുട്ടി.
ആമിയില്‍ വിദ്യാബാലനായിരുന്നു നായികയായതെങ്കില്‍ ലൈംഗികത കടന്നുവരുമായിരുന്നെന്നും മഞ്ജു വാര്യര്‍ നായികയായപ്പോള്‍ സിനിമ പൂര്‍ണ്ണമായും മാറിയെന്നും ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് രൂക്ഷ വിമര്‍ശനം.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെൺ സങ്കൽപത്തെ പിടിച്ചിരുത്തിയാൽ അതിന് വല്ലാതെ പൊള്ളും.
ലൈംഗികത എന്തെന്നും സ്ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവർ ഊർജ്ജവതികളായ ചില സ്ത്രീകളെ നേർക്കുനേർ കാണുമ്പോൾ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവർ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാൻ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.
ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്നങ്ങളെ പടിക്കു പുറത്തു നിർത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടർ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാൻ ശ്രമിച്ചത് നിർഭാഗ്യവശാൽ കമൽ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താൽ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാൽ വഴുതി വീഴുന്നു അദ്ദേഹം.
മാധവിക്കുട്ടിയെ 'സിനിമയിലെടുത്തു' എന്ന ആ അന്ധാളിപ്പിൽ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈർമല്യം, മൂക്കുത്തി, മഞ്ജു വാര്യർ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു എന്നു പറയുന്നതാകും ശരി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam