
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ജോലി വാഗ്ദാനം ചെയ്ത് പി സതീശന്‍ പണിമിടപാട് നടത്തിയത് സ്ഥിരീകരിക്കുന്ന ശബ്ദരേഖ പുറത്ത്. നിയമനം ലഭിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍, വാങ്ങിയ പണം തിരിക നല്‍കാമെന്ന് ഫോണ്‍ സംഭാഷണത്തില്‍ സതീശന് ഉറപ്പ് നല്‍കുന്നു. വഞ്ചിക്കപ്പെട്ട ആളെ അനുനയിപ്പിക്കാന്‍ ജോലി ഉറപ്പ് നല്‍കുന്നതിനൊപ്പം അഭിമുഖ തീയതിയും സംഭാഷണത്തില്‍ അറിയിക്കുന്നുണ്ട്. സതീശന്‍ നടത്തിയ സംഭാഷണത്തിന്‍റെ ശബ്ദ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
കണ്ണൂര്‍ വിമാനത്താവളത്തിലെ അക്കൗണ്ട്സ് വിഭാഗത്തിലേക്കുള്ള നിയമനത്തെ കുറിച്ചാണ് സതീശന്‍ സംസാരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സംഭാഷണത്തില്‍ പണമിടപാടിനെ കുറിച്ച് കൃത്യമായി വിശദീകരിക്കുന്നുണ്ട്. നേരത്തെ നിശ്ചയിച്ച ഇന്‍റര്‍വ്യൂ മാറ്റി വച്ചതിന്‍റെ കാരണവും പുതിയ തീയതിയും സംഭാഷണത്തില്‍ വിശദീകരിക്കുന്നുണ്ട്.
കോഴിക്കോട് ബേപ്പൂര്‍ സ്വദേശിയായ യുവാവാണ് സതീശന്‍റെ ഈ തട്ടിപ്പിന് ഇരയായത്. പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവന കൂടി ഉറപ്പിച്ചാണ് പണം വാങ്ങിയത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഏഴ് തസ്തികകള്‍ സിപിഎമ്മിനായി നീക്കി വച്ചിട്ടുണ്ടെന്നായിരുന്നു സതീശന്‍റെ വാദം. പറഞ്ഞ തീയതിയായിട്ടും അഭിമുഖത്തിനുള്ള അറിയിപ്പോ മറ്റ് വിവരങ്ങളോ ലഭിച്ചില്ല. ഈ ഘട്ടത്തിലാണ് പണം നല്‍കിയ യുവാവ് സതീശനെ വിളിച്ചത്.
പക്ഷേ സതീശന്‍ പറഞ്ഞത് പോലെ അക്കൗണ്ടിലേക്ക് പണം വന്നില്ല. പിന്നീടാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ സതീശന്‍റെ തട്ടിപ്പ് പുറത്തറിഞ്ഞ യുവാവ് കസബ പോലീസിനെ സമീപിച്ചത്. തെളിവായി ഈ ശബ്ദ രേഖയും കൈമാറിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam