
സമ്മര്‍ പലസ്, ചങ്ങാതിക്കൂട്ടം എന്നീ ചിത്രങ്ങളുടെ സംവിധായകന് മുകളേല്‍ കെ മുരളീധരന്‍ കഴിഞ്ഞ ദിവസം അടിമാലിയിലെ ലോഡ്ജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അധികമാരും അറിയാതെ പോയ ആ ജീവിതത്തിന്‍റെയും അതിന്‍റെ തുടര്‍ച്ചയായ മരണത്തിന്‍റെയും പാരജയത്തെ ഓര്‍മ്മപ്പെടുത്തി സുഹൃത്തും തിരക്കഥാകൃത്തുമായ സത്യന്‍ കോളങ്ങാട് നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാണ്. പുതിയ ഒരു സിനിമയുടെ ചര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു മുരളി അടിമാലിയിലെത്തിയത്. 20 ഓളം സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പിന്നീട് ജീവിക്കാനായി കല്‍പ്പണിയും മറ്റ് കൂലിപ്പണികളിലേക്കും തിരിയുകയായിരുന്നു മുരളി.
സത്യന്‍ കോളങ്ങാട് നല്‍കിയ ഫേസ്ബുക്ക് ഇങ്ങനെ
അസോസിയേറ്റ് മുരളി .
കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെ അസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്. സമ്മർ പാലസ്, ആറാം വാർഡിൽ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു . അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും
പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു. ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാൻ സ്റ്റുഡിയോയിൽ ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ സിനിമക്കാരൻ. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു. നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത്
ഏതോ സ്ഥാപനത്തിൽ സെക്യുരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.
പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ഒരു നെഞ്ചുവേദന . കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ? പരാജയപ്പെട്ട മൂന്നു സിനിമകൾക്കൊപ്പം പരാജയപ്പെട്ട ജീവിതവും !
ഒരു ചാനലിലും ഫ്ലാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല. കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല. ചിത്രങ്ങൾക്ക് കടപ്പാട്
മേക്കപ്മാൻ സുധീഷിനോട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam