
റിയാദ്: റമദാനില്‍ സൗദിയില്‍ സമൂഹ ഇഫ്താര്‍ സംഘടിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ചു. അനുമതി ഇല്ലാത്ത ഇഫ്താര്‍ സംഗമങ്ങള്‍ അനുവദിക്കില്ല. അംഗീകൃത ഭക്ഷണശാലകളില്‍ നിന്നുള്ള ഭക്ഷണം മാത്രമേ ഇഫ്താറിന് വിതരണം ചെയ്യാന്‍ പാടുള്ളൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചു.
വിശുദ്ധ റമദാന്‍ ആരംഭിക്കാന്‍ പന്ത്രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സമൂഹ ഇഫ്താര്‍ സംഗമങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇതിനായി സംഭാവനകള്‍ ശേഖരിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. സമൂഹ ഇഫ്താര്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങണമെന്ന് ഇസ്ലാമികകാര്യ സഹമന്ത്രി തൌഫീഖ് അല്‍ സുദൈരി പറഞ്ഞു. നഗരസഭയുടെ അംഗീകാരമുള്ള കടകളില്‍ നിന്ന് മാത്രമേ ഇഫ്താറിന് വിതരണം ചെയ്യാനുള്ള ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പാടുള്ളൂ. ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ വേണ്ടിയാണിത്. റമദാന്‍ മാസത്തില്‍ സമൂഹ ഇഫ്താറിന് സംഭാവന നല്‍കേണ്ടത് അംഗീകൃത സന്നദ്ധ സംഘടനകള്‍ വഴിയായിരിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. അതേസമയം റമദാന്‍ മാസത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇമാമുമാരും, വാങ്ക് വിളിക്കുന്നവരും, പരിചാരകരും പരമാവധി സമയം പള്ളികളില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ വിട്ടുനില്‍ക്കുമ്പോള്‍ പകരക്കാരെ ചുമതലപ്പെടുത്തണം. വിശ്വാസികള്‍ക്ക് പള്ളികളില്‍ ഭജനമിരിക്കാനുള്ള അനുമതി നല്‍കേണ്ടത് ഇമാമുമാരാണ്. പള്ളികളില്‍ വിതരണം ചെയ്യുന്നതും ഒട്ടിക്കുന്നതുമായ നോട്ടീസുകളും പ്രസിദ്ധീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി വാങ്ങിയവയായിരിക്കണം. രാത്രി നിസ്‌കാരമായ തറാവീഹ് കഴിയുന്നത് വരെ പള്ളികള്‍ തുറന്നിടണമെന്നും ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam