
റിയാദ്: മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ആദ്യമായി ഇന്നലെ നടന്ന സിനിമാ പ്രദര്‍ശനം വലിയൊരു സാംസ്കാരിക വിപ്ലവത്തിന്‍റെ തുടക്കമായിരുന്നു. സിനിമാ പ്രദര്‍ശനത്തിനു പുറമേ ഓപേര ഹൌസ്, ഗുസ്തി മത്സരങ്ങള്‍ തുടങ്ങിയ വിനോദ പരിപാടികളും വരും ദിവസങ്ങളില്‍ സൗദിയില്‍ അരങ്ങേറും.
ഹോളിവുഡ് സിനിമ ബ്ലാക്ക് പാന്തര്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് റിയാദിലെ എ.എം.സി തീയേറ്റര്‍ കഴിഞ്ഞ ദിവസം വലിയൊരു മാറ്റത്തിന് വേദിയാകുകയായിരുന്നു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മുമ്പില്‍ മാത്രമാണ് നിലവില്‍ പ്രദര്‍ശനം നടക്കുന്നതെങ്കിലും ഈയാഴ്ച മുതല്‍ തന്നെ പൊതുജനങ്ങള്‍ക്കും തീയേറ്ററില്‍ പോയി സിനിമ കാണാം. ടിക്കറ്റ് വില്‍പനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെ പ്രസിദ്ധീകരിക്കും.
2030 ആകുമ്പോഴേക്കും അമേരിക്കന്‍ മള്‍ട്ടി സിനിമ കമ്പനി സൗദിയില്‍ അമ്പത് മുതല്‍ നൂറു വരെ തീയേറ്ററുകള്‍ നിര്‍മിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരുനൂറു കോടി റിയാല്‍ ചെലവില്‍ അറുനൂറു സിനിമാ തീയേറ്ററുകള്‍ ആരംഭിക്കാന്‍ ഫോക്സ് സിനിമാസിന് ലൈസന്‍സ് ലഭിച്ചു. സിനിമാ ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവ് നല്‍കുമെന്നും നിസ്കാര സമയത്ത് ഇടവേള ഉണ്ടായിരിക്കുമെന്നും എ.എം.സി അറിയിച്ചു.
2030 ആകുമ്പോഴേക്കും മുന്നൂറ്റിയമ്പത് തീയേറ്റര്‍ കോമ്പ്ലക്സുകള്‍, രണ്ടായിരത്തി അഞ്ഞൂറ് സ്ക്രീനുകള്‍, നൂറു കോടി ഡോളറിന്‍റെ വരുമാനം, ലോകത്ത് ഏറ്റവും വലിയ പതിനൊന്നാമത്തെ സിനിമാ വിപണി, മുപ്പതിനായിരം പേര്‍ക്ക് സ്ഥിരം തൊഴില്‍, ഒരു ലക്ഷത്തി മുപ്പതിനായിരം പേര്‍ക്ക് താല്‍ക്കാലിക ജോലി. ഇതാണ് ലക്ഷ്യം. അതേസമയം സൗദിയില്‍ ആദ്യത്തെ ഓപേര ഹൌസ് പെര്‍ഫോര്‍മന്‍സ് അടുത്ത ബുധനാഴ്ച റിയാദിലെ കിംഗ് ഫഹദ് കള്‍ച്ചറല്‍ സെന്‍ററില്‍ അരങ്ങേറും.
നാല്‍പ്പത്തിയഞ്ചോളം ഈജിപ്ഷ്യന്‍ കലാകാരന്മാര്‍ രണ്ട് ദിവസങ്ങളിലായി സംഗീത വിരുന്നൊരുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഈ മാസം ഇരുപത്തിയെഴിനു ജിദ്ദ കിംഗ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റിയില്‍ ലോകപ്രശസ്ത താരങ്ങള്‍ അണി നിരക്കുന്ന ഗുസ്തി മത്സരം അരങ്ങേറും. വേള്‍ഡ് റെസ്ലിംഗ് എന്‍റര്‍ടെയ്മെന്‍റിന് കീഴിലുള്ള അമ്പത് താരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. പത്ത് റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam