
മതിയായ രേഖകളില്ലാതെ സൗദിയില്‍ കഴിയുന്ന യമനികള്‍ക്ക് അനുവദിച്ച താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് ആണ് ആറു മാസത്തേക്ക് കൂടി നീട്ടി നല്‍കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്. ഇതുപ്രകാരം ഞായറാഴ്ച മുതല്‍ പാസ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് യമനികളുടെ രേഖകള്‍ പുതുക്കി നല്‍കും. ഓണ്‍ലൈന്‍ വഴി രേഖകള്‍ പുതുക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പാസ്‌പോര്‍ട്ട് വകുപ്പ് അറിയിച്ചു. രേഖകള്‍ പുതുക്കുന്നതിനായി യമനികള്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് എത്തേണ്ടതില്ല. നൂറു റിയാല്‍ ഫീസ് അടച്ചു ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ വെബ്സൈറ്റ് വഴി ആറു മാസത്തേക്ക് നിലവിലുള്ള രേഖ പുതുക്കാം. പുതുക്കാന്‍ വൈകിയാല്‍ പിഴയടക്കേണ്ടി വരും. പുതുക്കിയ കാര്‍ഡ് പോസ്റ്റ് വഴി അപേക്ഷകന് ലഭിക്കും.
മതിയായ രേഖകളില്ലാതെ സൗദിയില്‍ കഴിയുന്ന യമനികള്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റോട് കൂടി സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാം. ഏതാണ്ട് അഞ്ചു ലക്ഷത്തോളം യമാനികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. യമനിലെ സംഘര്‍ഷം മൂലം അതിര്‍ത്തി പ്രദേശങ്ങള്‍ വഴി സൗദിയില്‍ എത്തിയവരും, ഇഖാമയുടെ കാലാവധി തീര്‍ന്നവരും, സന്ദര്‍ശക വിസയുടെ കാലാവധി തീര്‍ന്നവരുമായ നിരവധി യമനികള്‍ ഈ അവസരം പ്രയോജനപ്പെടുത്തി പദവി ശരിയാക്കി. സന്ദര്‍ശക വിസയിലുള്ള സിറിയക്കാര്‍ക്കും സമാനമായ രീതിയില്‍ ജോലി ചെയ്യാന്‍ സൗദി നേരത്തെ അനുമതി നല്‍കിയിരുന്നു. സന്ദര്‍ശക വിസയിലോ ഹജ്ജ് ഉംറ വിസയിലോ രാജ്യത്ത് കഴിയുന്ന മറ്റു വിദേശികള്‍ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam