ഖത്തറിനുള്ള സമയ പരിധി നീട്ടി

Published : Jul 03, 2017, 08:02 AM ISTUpdated : Oct 05, 2018, 03:46 AM IST
ഖത്തറിനുള്ള സമയ പരിധി നീട്ടി

Synopsis

ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം പിൻവലിക്കാൻ സൗദി സഖ്യരാജ്യങ്ങൾ മുന്നോട്ടുവെച്ച നിബന്ധനകൾ നടപ്പിലാക്കാനുള്ള സമയപരിധി നീട്ടി. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കൂടിയാണ് സമയപരിധി നീട്ടിയത്. അതേസമയം സാമാന്യ യുക്തിക്ക് നിരക്കാത്ത നിബന്ധനകൾ തളിക്കളയുന്നതായി  ഖത്തർ അറിയിച്ചിട്ടുണ്ട്. സമയപരിധി ഇന്ന് അവസാനിക്കുമെങ്കിലും ഖത്തറിനെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്ക വേണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രി രാജ്യത്തെ ജനങ്ങളെ അറിയിച്ചു. 

മേഖലയിലെ തീവ്രവാദസംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ചു ഇക്കഴിഞ്ഞ ജൂൺ അഞ്ചിനാണ് സൗദി അറേബ്യ,യു.എ.ഇ ,ബഹ്‌റൈൻ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. കര-ജല-വ്യോമയാന മാർഗങ്ങൾ അടച്ചുകൊണ്ടുള്ള ഉപരോധം ഒരു മാസത്തോടടുക്കുമ്പോഴും പ്രശ്നപരിഹാരം നീളുന്നത് ഗൾഫ് രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിനിടെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നുള്ള സമ്മർദത്തെ  തുടർന്ന് കഴിഞ്ഞ മാസം  22 നു സൗദി അനുകൂല രാജ്യങ്ങൾ പുറത്തു വിട്ട പതിമൂന്ന് ഉപാധികളടങ്ങിയ പട്ടിക തള്ളിക്കളയുന്നതായി ഖത്തർ  വിദേശകാര്യ മന്ത്രി മുഹമ്മദ് അബ്ദുറഹിമാൻ അൽ താനി പ്രഖ്യാപിച്ചിരുന്നു. 

അൽ ജസീറ ചാനൽ അടച്ചു പൂട്ടുക, ഖത്തറിലെ തുർക്കി സൈനികരെ പിൻവലിക്കുക, ഇറാനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തുക തുടങ്ങിയ പതിമൂന്ന് നിർദേശങ്ങളാണ് പട്ടികയിലുണ്ടായിരുന്നത്. പ്രായോഗികമല്ലാത്ത നിർദേശങ്ങൾ തള്ളുന്നതായി അറിയിച്ച ഖത്തർ വിഷയത്തിൽ ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഉപാധികൾ നടപ്പിലാക്കിയാൽ മാത്രമേ ചർച്ചക്ക് തയാറുള്ളൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്ന മറുപക്ഷം  പത്തു ദിവസത്തെ സമയ പരിധി കഴിഞ്ഞാൽ വാണിജ്യ ഉപരോധം ഉൾപെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്നും ഖത്തറിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതാണ് തിങ്കളാഴ്ച അവസാനിച്ചത്. തുടര്‍ന്ന് കുവൈത്തിന്‍റെ അപേക്ഷ പ്രകാരമാണ് സൗദിയും സഖ്യരാജ്യങ്ങളും സമയപരിധി നീട്ടിയത്.

എന്നാൽ ഖത്തറിനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്നും ഉപരോധ രാജ്യങ്ങൾ വ്യക്തമാക്കി. അതേസമയം സൗദി മുന്നോട്ടുവെച്ച ഉപാധികൾ യുക്തിസഹമല്ലെന്ന് വിലയിരുത്തിയ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സമൂഹം പ്രശ്നം പരിഹരിക്കുന്നതിൽ വേണ്ടത്ര ആത്മാർഥത കാണിക്കാത്തതാണ് പ്രശ്നപരിഹാരം നീണ്ടുപോകാൻ ഇടയാക്കുന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്തായാലും  ഉപരോധം ഇനിയും അനിശ്ചിതമായി തുടരുകയാണെങ്കിൽ ഖത്തറിൽ ഉൾപെടെ മുഴുവൻ ഗൾഫ് രാജ്യങ്ങളിലുമുമുള്ള ഇന്ത്യക്കാരുൾപ്പെടെയുള്ള പ്രവാസി സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തിൽ ഭരണം യുഡിഎഫിന്; തെരഞ്ഞെടുപ്പിൽ അവസാന നിമിഷവും ട്വിസ്റ്റുകൾ, മൂടാടിയിൽ സംഘർഷം
കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽ നിന്ന് രാജിവച്ചു, ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്രയെ ജയിപ്പിച്ചു; മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫ് തോറ്റു