സൗദിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ്; കുറഞ്ഞ പരിധി നിശ്ചയിക്കണമെന്ന് നിര്‍ദേശം

By Web DeskFirst Published May 8, 2017, 6:49 PM IST
Highlights

ജിദ്ദ: സൗദിയിൽ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഏറ്റവും ചുരുങ്ങിയ ആരോഗ്യ സേവന പരിധി നിശ്ചയിക്കണമെന്നു ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ നിര്‍ദേശിച്ചു. തൊഴിലുടമകൾ ഇഖാമ ലഭിക്കുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുകയും പിന്നീട് തൊഴിലാളിക്ക് രോഗം വരുന്ന ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാതാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
 
സൗദിയിലെ എല്ലാ ആരോഗ്യ സേവന സ്ഥാപനങ്ങള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തങ്ങളുടെ ആരോഗ്യ സേവന ശൃംഖലയില്‍ പെടുന്ന ഏറ്റവും ചുരുങ്ങിയ സേവന പരിധി നിശ്ചയിക്കണമെന്ന് വ്യക്തമാക്കിയത്. ഓരോ പ്രദേശത്തുമുള്ള സർക്കാർ പ്രാഥമികാരോഗ്യ കേന്ദരങ്ങളില്‍ ലഭ്യമാവുന്ന ചികിത്സകളില്‍ കുറയാത്ത സേവനമാണ് പരിധിയായി നിശ്ചയിക്കേണ്ടത്.

ഇതിലും താഴ്ന്ന സേവന പരിധി പാടില്ല. ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തവർക്കു രാജ്യത്തെ പട്ടണങ്ങളിലെല്ലാം ചികിത്സ ലഭ്യമാക്കുന്നതിലൂടെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപെടുന്നതിനാണ് ഈ നിര്‍ദേശമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.

കൗണ്‍സില്‍ നിശ്ചയിച്ച ഏറ്റവും ചുരുങ്ങിയ ആരോഗ്യസേവന പരിധിയിൽ നിന്നും താണ ഇൻഷുറൻസ് പോളിസികള്‍ തങ്ങളുടെ തൊഴിലാളികൾക്ക് ഏര്‍പ്പെടുത്താന്‍ തൊഴിലുടമക്ക് വരുന്ന ഓഗസ്റ്റ് 11 മുതല്‍ അനുവാദമുണ്ടാകില്ല. ചില തൊഴിലുടമകൾ ഇഖാമ ലഭിക്കുന്നതിനായി ഏറ്റവും കുറഞ്ഞ നിരക്കില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുകയും പിന്നീട് തൊഴിലാളിക്ക് രോഗം വരുന്ന ഘട്ടങ്ങളില്‍ ഈ പോളിസിയിൽ ചികിത്സ ലഭ്യമാകാതാവുകയും ചെയ്യുന്ന പ്രവണതക്ക് കൗണ്‍സിലിന്റെ പുതിയ തീരുമാനം പരിഹാരമാവുമെന്നാണ് വിലയിരുത്തല്‍.

click me!